ദുബൈ: എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഫാൻസി നമ്പർ പ്ലേറ്റുകളുടെ 79ാമത് ഓൺലൈൻ ലേലം സംഘടിപ്പിക്കുന്നു. സ്വകാര്യ വാഹനങ്ങൾ, ക്ലാസിക് വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ എന്നിവക്ക് ഉപയോഗിക്കാവുന്ന മൂന്ന്, നാല്, അഞ്ച് അക്ക കോമ്പിനേഷനുകൾ അടങ്ങിയ 350 നമ്പർ പ്ലേറ്റുകളാണ് ലേലത്തിൽ വെക്കുന്നത്. ലേലത്തിൽ ‘എച്ച്’ മുതൽ ‘ഇസെഡ്’ വരെയുള്ള കോഡുകൾ ഉള്ള പ്ലേറ്റുകളാണ് ഉൾപ്പെടുന്നത്.
ലേലത്തിനുള്ള രജിസ്ട്രേഷൻ മേയ് 19 തിങ്കളാഴ്ച ആരംഭിക്കും. അഞ്ചു ദിവസം മാത്രമേ രജിസ്ട്രേഷൻ സ്വീകരിക്കുകയുള്ളൂ. മേയ് 26 തിങ്കളാഴ്ച ലേലം ആരംഭിക്കും. എല്ലാ വിൽപ്പനകൾക്കും അഞ്ചു ശതമാനം മൂല്യവർധിത നികുതി(വാറ്റ്) ബാധകമാണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ ദുബൈയിൽ സാധുവായ ട്രാഫിക് ഫയൽ കൈവശം വെച്ചിരിക്കണം. ലേലത്തിൽ പങ്കെടുക്കുന്നവർ ആർ.ടി.എക്ക് 5000 ദിർഹമിന്റെ സെക്യൂരിറ്റി ചെക്കും 120 ദിർഹമിന്റെ റീഫണ്ട് ചെയ്യാത്ത പാർടിസിപേഷൻ ഫീസും സമർപ്പിക്കണം. ഉമ്മു റമൂൽ, അൽ ബർഷ, ദേര എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലോ ആർ.ടി.എ വെബ്സൈറ്റ് വഴി ക്രെഡിറ്റ് കാർഡ് വഴിയോ പണമടക്കാം.
ലേലത്തിൽ വിജയിക്കുന്നവർ ലേലത്തിന്റെ അവസാന തീയതി മുതൽ 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പണമടക്കൽ പൂർത്തിയാക്കണം. അംഗീകൃത സർവിസ് പ്രൊവൈഡർ കേന്ദ്രങ്ങളിൽ 50,000 ദിർഹം വരെയുള്ള തുകകൾ പണമായും, 50,000 ദിർഹത്തിൽ കൂടുതലുള്ള തുകകൾ സാക്ഷ്യപ്പെടുത്തിയ ചെക്കോ ക്രെഡിറ്റ് കാർഡോ വഴിയും പണമടക്കാം.
ഇടപാടുകൾ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയും ആർ.ടി.എയുടെ വെബ്സൈറ്റ് വഴിയും പൂർത്തിയാക്കാവുന്നതാണ്. കഴിഞ്ഞ മാസം നടന്ന ഫാൻസി നമ്പർ പ്ലേറ്റുകളുടെ ലേലത്തിൽ സർവകാല റെക്കോർഡ് നേട്ടം ആർ.ടി.എ കൈവരിച്ചിരുന്നു.
ആകെ 9.88കോടി ദിർഹമാണ് ലേലത്തിലൂടെ നേടിയത്. ഇത് ആർ.ടി.എയുടെ നമ്പർ പ്ലേറ്റ് ലേലങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ തുകയാണ്. സി.സി 22 എന്ന നമ്പർ പ്ലേറ്റിനാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. 83.5ലക്ഷം ദിർഹമാണ് ഈ നമ്പർ പ്ലേറ്റിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.