ബുർജ് ഖലീഫയിൽനിന്ന് അത്ലറ്റുകൾ ചാടുന്ന ദൃശ്യം
ദുബൈ: ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബൈയിലെ ബുർജ് ഖലീഫയിൽനിന്ന് ചാടി 31 അത്ലറ്റുകൾ. 15 രാജ്യങ്ങളിൽനിന്നുള്ള അത്ലറ്റുകളാണ് അവിശ്വസനീയമായ ബേസ് ജംപ് അഭ്യാസപ്രകടനം നടത്തിയത്. വായുവിൽ വ്യത്യസ്ത പ്രകടനങ്ങൾ കാഴ്ചവെച്ച് ഒരുക്കിയ ചാട്ടം പാരച്യൂട്ടിൽ ബുർജ് ഖലീഫക്ക് സമീപത്തെ ഫൗണ്ടനിൽ വന്നിറങ്ങിയാണ് അവസാനിപ്പിച്ചത്.
130ാം നിലയിൽ പ്രത്യേകം സജ്ജീകരിച്ച 12 മീറ്റർ പ്ലാറ്റ്ഫോമിൽനിന്നാണ് അത്ലറ്റുകൾ ചാടിയത്. അതി സാഹസികമായ ഉദ്യമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. വിഡിയോ ഒരു മണിക്കൂറിനകം 10 ലക്ഷം പേരാണ് ശൈഖ് ഹംദാന്റെ അക്കൗണ്ടിൽ മാത്രം കണ്ടത്.
സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങൾ പിന്നീട് നിരവധിപേർ പങ്കുവെച്ചു. ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ്, സ്കൈഡൈവ് ദുബൈ, ഇമാർ എന്നിവയുമായി സഹകരിച്ച് ‘എക്സ് ദുബൈ’യാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ‘എക്സിറ്റ് 139’ എന്ന് പേരിട്ട ഈ പരിപാടിയിൽ ലോകത്തിലെ ഏറ്റവും മികച്ച ബേസ് ജംപർമാരാണ് പങ്കെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.