ദുബൈ: ഈ വർഷം ഇതുവരെ ദുബൈ പൊലീസ് പിടിച്ചെടുത്തത് 22 ലക്ഷം മസാജ് കാർഡുകൾ. കാർഡുകൾ അച്ചടിച്ച് വിതരണം ചെയ്ത 66 പേരെ അറസ്റ്റ് ചെയ്തു. അനധികൃത മസാജ് സെന്ററുകൾക്കെതിരായ ഓപറേഷന്റെ ഭാഗമാണ് നടപടി. കഴിഞ്ഞ വർഷം 37 ലക്ഷം കാർഡുകൾ പിടിച്ചിരുന്നു. 243 പേരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നര വർഷത്തിനിടെ ആകെ 59 ലക്ഷം കാർഡുകളാണ് പിടിച്ചത്. ഇതിൽ രേഖപ്പെടുത്തിയിരുന്ന 919 ഫോൺ നമ്പറുകൾ വിച്ഛേദിച്ചു. മസാജ് പാർലറുകളുമായി ബന്ധപ്പെട്ട് 879 പേരെയാണ് ആകെ അറസ്റ്റ് ചെയ്തത്. ഇതിൽ 588 പേരും പിടിയിലായത് പൊതുസമൂഹത്തിന്റെ ധാർമികതക്ക് നിരക്കാത്ത പ്രവൃത്തികൾ ചെയ്തതിനാണ്.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മസാജ് സെന്ററുകളിൽ പോകുന്നവർക്കും പൊലീസ് മുന്നറിയിപ്പ് നൽകി. വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇരകളെ ആകർഷിക്കുന്നതെന്ന് ബർദുബൈ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം സുറൂർ അൽ മഅസെം പറഞ്ഞു. മസാജ് സെന്ററിലെത്തിയ ഉടൻ ഒരു കൂട്ടം ആഫ്രിക്കൻ സ്വദേശികൾ ഇരയെ വളയുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്യും. പിന്നീട് ഈ ചിത്രങ്ങളുപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുമെന്നും ഉദാഹരണം സഹിതം അദ്ദേഹം വ്യക്തമാക്കി.
ഇത്തരം സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് 600ഓളം ബോധവത്കരണ ബ്രോഷറുകളും എസ്.എം.എസുകളും അയച്ചു. ഇത് 8007 സ്ഥാപനങ്ങളിലേക്കും 53,816 ജീവനക്കാരിലേക്കും എത്തി. അനധികൃത മസാജ് പാർലറുകളെ കുറിച്ച് വിവരം ലഭിക്കുന്നവർ 901 എന്ന നമ്പറിലോ 'പൊലീസ് എയ്' സേവനം വഴിയോ വിവരം അറിയിക്കണമെന്ന് ബ്രിഗേഡിയർ അൽ മഅസെം പറഞ്ഞു. ലൈസൻസുള്ള മസാജ് സെന്ററുകൾ ദുബൈ ഇക്കണോമിക് ആൻഡ് ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുമെന്നും ഉപഭോക്താക്കൾ ഇക്കാര്യം ഉറപ്പാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.