ദുബൈ: ഒന്നുറപ്പ്, ഏതു വേഷവും, ഭാഷയും വഴങ്ങുന്ന മോഹൻലാൽ എന്ന നടന വിസ്മയത്തിന് ആദരം നേരാൻ ഇതിനേക്കാൾ ഉചിതമായൊരു വേദി ലോകത്തില്ല.
വിവിധ ദേശക്കാരും ഭാഷക്കാരുമായ പതിനായിരങ്ങൾ തിങ്ങി നിറഞ്ഞ സദസിലാണ് മലയാളത്തിെൻറ യശസ്സ് ലോകത്തോളമുയർത്തിയ കംപ്ലീറ്റ് ആക്ടർക്ക് മീഡിയാ വണ്ണിെൻറ ആദരവ് സമർപ്പിച്ചത്. ഇന്നലെ ഉച്ച മുതൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് മലയാളികൾ ഗ്ലോബൽ വില്ലേജിലേക്ക് എത്തിച്ചേരാൻ തുടങ്ങി. പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ നെഞ്ചു വിരിച്ച് ലാലേട്ടൻ എന്ന അവതരണ ഗാനം ഗ്ലോബൽ വില്ലേജിലാകെ മുഴങ്ങി. ജന പ്രിയ അവതാരക നൈല ഉഷ ലാലേട്ടനെ വേദിയിലേക്ക് ക്ഷണിച്ചതോടെ ആവേശം ആകാശം തൊട്ടു. മീഡിയാവണ്ണിെൻറ ഉപഹാരം ഗ്ലോബൽ വില്ലേജ് സി.ഇ.ഒ ബദർ അൻവാഹിയിൽ നിന്ന് ഏറ്റുവാങ്ങിയ നിമിഷം തരിമ്പും അഭിനയമില്ലാതെ വിനയാന്വിതനായി പ്രിയ നടൻ. മോഹൻലാലിെൻറ സൂപ്പർ ഹിറ്റ് സിനിമകളിലെ ജനപ്രീയ ഗാനങ്ങൾ ബാലഭാസ്കർ വയലിനിൽ വായിച്ചു. ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള മോഹൻലാൽ പ്രേമികൾ അവരുടെ ഭാഷകളിൽ സ്നേഹ സന്ദേശങ്ങളും ഉയർത്തി. പിന്നണി ഗാനാലാപനത്തിെൻറ 35 വർഷം പിന്നിട്ട എം.ജി.ശ്രീകുമാറിന് മോഹൻ ലാൽ ഉപഹാരം കൈമാറിയത് അവിസ്മരണീയ നിമിഷമായി. മോഹൻലാൽ തന്നെ പാടിയതോ എന്ന് തോന്നിപ്പിക്കും വിധം അദ്ദേഹത്തിെൻറ കഥാപാത്രങ്ങൾക്കായി പാടിയ എം.ജി ശ്രീകുമാറിന് ഹൃദയത്തിൽ തൊട്ടുള്ള സമ്മാനമായി ഇൗ ആദരം. ഇംപെക്സ് സി.ഇ.ഒ സിറാജുദ്ദീൻ അബ്ദുല്ല, നെല്ലറ ഡയറക്ടർ എം.കെ. ഫസലു റഹ്മാൻ എന്നിവർ എം.ജിയെ പൊന്നാടയണിയിച്ചു. മിന്നാമിനുങ്ങിലെ മിന്നുന്ന പ്രകടനത്തോടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മി മോഹൻലാലിൽ നിന്ന് ആദരം ഏറ്റുവാങ്ങവെ ആയിരങ്ങൾ ആർപ്പുവിളികളുയർത്തി എതിരേറ്റു.
മീഡിയാവൺ ഡെ.സി.ഇ.ഒ എം.സാജിദ് ഉപഹാരം സമ്മാനിച്ചു. മീഡിയാവൺ അൈഡ്വസറി ബോർഡംഗങ്ങളായ ഷറഫുദ്ദീൻ, മുഹമ്മദ് കുട്ടി, ചീഫ് ജനറൽ മാനേജർ സി. മാത്യു, ജി.സി.സി എഡിറ്റോറിയൽ ഒാപ്പറേഷൻസ് മേധാവി എം.സി.എ നാസർ, സീനിയർ ജനറൽ മാനേജർ ഷബീർ ബക്കർ, ജനറൽ മാനേജർ ഫിന്നി ബെഞ്ചമിൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.