ഷാർജ: മഞ്ഞണിഞ്ഞ രാവിനെ പൊന്നണിയിച്ച് ഷാർജയിൽ വർണ ദീപങ്ങൾ തെളിഞ്ഞു. രാവിനെ പകലാക്കി മാറ്റുന്ന എട്ടാമത് ഷാർജ വെളിച്ചോത്സവത്തിന് തുടക്കമായി. വെളിച്ച വിസ്മയം കാണാൻ ആയിരങ്ങളാണ് ആദ്യ ദിനം തന്നെ എത്തിച്ചേർന്നത്. മുൻവർഷങ്ങളിൽ നിന്ന് മാറി പുതിയ ശൈലിയിലും പ്രമേയത്തിലും നടക്കുന്ന ഉത്സവത്തിന് ഇക്കുറി മാറ്റ് കൂടുതലാണ്. ശാസ്ത്രം, സർഗ രചന, അറിവ് എന്നിവക്ക് ഉൗന്നൽ നൽകുന്ന കാഴ്്ച്ചകളാണ് വെളിച്ചത്താൽ വരഞ്ഞിടുന്നത്. ഡോ.സുൽത്താൻ ആൽ ഖാസിമി സെൻറർ ഫോർ ഗൾഫ് സ്റ്റഡീസിലായിരുന്നു ഉദ്ഘാടന പരിപാടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ സംഗീതജ്ഞരുടെ നേതൃത്വത്തിൽ നടക്കുന്ന സംഗീത പരിപാടി വെളിച്ചോത്സവത്തിന് തെളിച്ചം കൂട്ടി . ഉദ്യാനങ്ങളും തിയേറ്ററുകളും കായലും ഉൾപ്പെടുന്ന അൽ മജാസ് പ്രദേശമാകെ വർണങ്ങളിൽ മുങ്ങി. ബുഹൈറ കോർണിഷിൽ സ്ഥിതി ചെയ്യുന്ന പാം ഒയാസീസിലെ വെളിച്ചത്തിെൻറ ഇടനാഴികകൾ കാണാൻ നല്ല തിരക്കായിരുന്നു. എല്ലാ മതസ്ഥർക്കും പ്രവേശനം അനുവദിച്ചിട്ടുള്ള അൽ നൂർ പള്ളിയിലെ ദീപാലങ്കാരങ്ങൾക്ക് ഇത്തവണ ചന്തം കൂടുതലാണ്. ഷാർജയുടെ സാംസ്കാരിക വൈവിധ്യം എന്ന പ്രമേയത്തെയാണ് പള്ളി ചുവരുകളിലും മിനാരങ്ങളിലും വർണ വെളിച്ചങ്ങൾ കൊണ്ട് ആലേഖനം ചെയ്യുന്നത്. ഷാർജ സർവ്വകലാശാല വളപ്പുകളിൽ ശാസ്ത്രം, സർഗ രചന, അറിവ് എന്നിവയെയാണ് പ്രധാനമായും വെളിച്ചത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. ദി ഹൗസ് ഓഫ് ജസ്റ്റിസ്, ദി ഹാർട് ഓഫ് ഷാർജ, ഷാർജ അൽ ഹിസൻ കോട്ട, സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ്, ദൈദിലെ അമ്മാർ ബിൻ യാസർ പള്ളി, ദിബ്ബ അൽ ഹിസ്നിലെ ശൈഖ് റാഷിദ് ബിൻ അഹമ്മദ് ആൽ ഖാസിമി പള്ളി, അൽ ഹംറിയ നഗരസഭ, ഖോർഫക്കാൻ നഗര വികസന വിഭാഗം, ഖോർഫക്കാൻ നഗരസഭ കൗൺസിൽ, കൽബ നഗരസഭ കൗൺസിൽ, കൽബ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമൻ റിസോഴ്സസ് എന്നിവിടങ്ങളിലെല്ലാം തന്നെ പുതുമയാർന്ന കാഴ്ച്ചകൾ സമ്മാനിച്ചാണ് വെളിച്ചവും സംഗീതവും പ്രകടനം നടത്തുന്നത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ, ഷാർജ വാണിജ്യ വിനോദ സഞ്ചാര വികസന അതോറിറ്റി (എസ്.സി.ടി.ഡി.എ) നടത്തുന്ന വെളിച്ചോത്സവം വീക്ഷിക്കാനെത്തുന്നവർക്ക് അതീവ സുരക്ഷയാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ശനി മുതൽ ബുധൻ വരെ ദിവസവും വൈകിട്ട് ആറ് മുതൽ രാത്രി 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ ആറ് മുതൽ അർധരാത്രി വരെയുമാണ് നിറദീപക്കാഴ്ചയുടെ മഹോത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.