ദുബൈയില്‍ മൂന്നു മാസ പ്രസവാവധി  മാര്‍ച്ച് മുതല്‍ പ്രാബല്യത്തില്‍ 

ദുബൈ: സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ശമ്പളത്തോടെ മൂന്നു മാസം പ്രസവാവധി നല്‍കുന്ന നിയമം മാര്‍ച്ച് ഒന്നിന് ദുബൈയില്‍ പ്രാബല്യത്തില്‍ വരും. 
നിയമം നടപ്പിലാക്കാന്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് അംഗീകാരം നല്‍കിയത്.  
രണ്ടു മാസ പ്രസവാവധിയാണ് നേരത്തേ രാജ്യത്തെ പൊതുമേഖലാ ജീവനക്കാരികള്‍ക്ക്  ലഭിച്ചിരുന്നത്.  ദുബൈ ലിംഗ നീതി സമിതി അധ്യക്ഷ ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശില്‍ ആല്‍ മക്തൂമിന്‍െറ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട ദേശീയ സമിതി അവധി നിയമങ്ങള്‍ അവലോകനം ചെയ്ത് സമര്‍പ്പിച്ച ശിപാര്‍ശകള്‍ പരിഗണിച്ചാണ് മൂന്നു മാസം പ്രസവാവധി നല്‍കുന്നതിനായി നിയമഭേദഗതി നടത്താന്‍ രാജ്യം തീരുമാനിച്ചത്. സെപ്റ്റംബറില്‍ അബൂദബിയിലെ സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ശമ്പളത്തോടു കൂടിയ മൂന്നു മാസ പ്രസവാവധി നല്‍കുന്നതായി പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. 
കുഞ്ഞിന് ഒരു വയസാകും വരെ രണ്ടു മണിക്കൂര്‍ നേരത്തേ ജോലി സ്ഥലത്തു നിന്നു പോകാനും സ്വദേശി വനിതകള്‍ക്ക് അനുമതിയുണ്ട്. 
പ്രസവം നടന്ന് മൂന്നു ദിവസം കുഞ്ഞിന്‍െറ പിതാവിനും അവധി ലഭിക്കും. സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും പ്രസവാവധി വര്‍ധിപ്പിച്ച് ഉത്തരവ് പ്രഖ്യാപിച്ചു. 
മൂന്നു മാസം ശമ്പളത്തോടെയും ഒരു മാസം ശമ്പളമില്ലാത്തതുമായി 120 ദിവസം അവധിയാണ് ഷാര്‍ജയില്‍. ചില സ്വകാര്യ കമ്പനികളും ജീവനക്കാരികളുടെ പ്രസവാവധി വര്‍ധിപ്പിച്ചു നല്‍കിയിട്ടുണ്ട്. 
ഒട്ടേറെ പ്രമുഖ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ദുബൈ കൂടി ഈ ഐതിഹാസിക നിയമം നടപ്പാക്കുന്നതോടെ സ്ത്രീ ശാക്തീകരണവും തുല്യതയും സാധ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് യു.എ.ഇ കൂടുതല്‍ മുന്നേറുകയാണ്.  
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.