ദുബൈ: എട്ടാം ക്ലാസിൽ പഠിപ്പ് നിർത്തി അച്ഛനെ കൃഷിപ്പണിയിൽ സഹായിച്ച് പോരവെയാണ് ഗൾഫിലേക്ക് പോകുന്നതിെൻറ സാധ്യതകളെക്കുറിച്ച് മലപ്പുറം ചങ്ങരംകുളം പള്ളിക്കര അറുമുഖൻ ആലോചിക്കുന്നത്. അയൽവാസി ബുഖാരി വീട്ടിൽ വന്നിരുന്ന് പറയുന്ന കഥകൾ മോഹങ്ങൾക്ക് ചിറകായി. ബോംബേയിൽ നിന്ന് നാട്ടുകാരൻ ലാഞ്ച് വാപ്പുവാണ് ലാഞ്ചിയിൽ ഇടം സംഘടിപ്പിച്ച് കൊടുത്തത്. 1972 ഫെബ്രുവരി 15ന് ഖോർഫുക്കാൻ തീരമണഞ്ഞ 365 സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു 16 വയസുള്ള അറുമുഖൻ. ഏതാനും ദിവസം കൊണ്ട് ഷാർജയിൽ ചെറു ജോലികൾ കിട്ടി. പിന്നെ ദുബൈയിൽ വിവിധ ജോലികൾ. അതിനിടയിൽ കലണ്ടറിലെ താളുകളും മാറിക്കൊണ്ടിരുന്നു. വന്ന് 10 വർഷം കഴിഞ്ഞാണ് ആദ്യമായി ഒന്നു നാട്ടിലേക്ക് പോയത്. എന്നാലിപ്പോൾ 45 വർഷങ്ങൾക്കു ശേഷം ജനിച്ച നാടിനേക്കാളേറെ താമസിച്ച് ഇടപഴകിയ ദുബൈ നാടിനെ വിട്ട് സ്വദേശത്തേക്ക് മടങ്ങാനൊരുങ്ങുകയാണിദ്ദേഹം.
ഇറാനിയൻ കഫറ്റീരിയയിലും ഗുജറാത്തി സഹോദരങ്ങൾ നടത്തിവന്ന തുണി മൊത്തവ്യാപാര സ്ഥാപനത്തിലും കാനൂസ് ഗ്രൂപ്പിലും േജാലി ചെയ്ത അറുമുഖൻ വിരമിക്കുന്നത് പ്രശസ്തമായ ജെ.ബി.സി എക്പ്രസ് കമ്പനിയിൽ നിന്നാണ്. വരുന്ന കാലത്ത് മലയാളം മാത്രമാണ് കൈകാര്യം ചെയ്തിരുന്നതെങ്കിൽ വിവിധ ഭാഷകളിൽ പ്രാവീണ്യമുണ്ടിപ്പോൾ. ദുബൈ ലോകനഗരമായി വളരുന്നത് കൺമുന്നിൽ കാണാനായി എന്നതാണ് പ്രവാസത്തിെൻറ ഏറ്റവും വലിയ നേട്ടമായി ഇദ്ദേഹം വിലയിരുത്തുന്നത്. 35 വർഷവും താമസിച്ചത് സത്വയിലെ പുരാതന കെട്ടിടത്തിലാണ്. രാവിലെ ആറു മണിക്ക് തുടങ്ങി രാവേറെ ചെല്ലുംവരെ തുടരുന്ന േജാലികൾക്കിടയിൽ മറ്റു പ്രവർത്തനങ്ങൾക്കൊന്നും സമയം കിട്ടിയില്ല. തെൻറ പാതയിൽ ദുബൈയുടെ ഭാഗ്യം തേടി വന്ന നൂറുകണക്കിനുപേർക്ക് ആ വീട്ടിൽ ഉൗണും കിടക്കാനൊരിടവും നൽകി. അനുജൻ കുമാരൻ ദേരയിൽ കാർട്ടിയർ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. ഭാര്യ ലളിതയും മകൻ ആദർശും ഇപ്പോൾ നാട്ടിലാണ്. മകൾ അജല കുടുംബ സമേതം റാസൽഖൈമയിൽ താമസിക്കുന്നു.
74ൽ ബർദുബൈ അബ്രക്കടുത്തുള്ള ഇറാനിയൻ കഫേയിൽ ജോലി ചെയ്യവെ നട്ടുപിടിപ്പിച്ച ഇൗന്തപ്പനെത്തെ അസാമാന്യ തലയെടുപ്പുള്ള മരമാണിന്ന്.
അറുമുഖൻ, താങ്കൾ സമാധാന പൂർവം നാടണയൂ, ആ പനേയാലകളുടെ ഒാരോ ഇളക്കത്തിലും ദുബൈ അങ്ങയെക്കുറിച്ച് ഒാർമിച്ചുകൊണ്ടേയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.