അമീറ ബിന്‍ കറം: ഒരു തീക്കും നിങ്ങളെ അണക്കാനാവില്ല

ഷാര്‍ജ: വില്ലയിലുണ്ടായ തീപിടിത്തത്തില്‍ അതിദാരുണമായി മരിച്ച ഷാര്‍ജ വനിതാ ബിസിനസ്കൗണ്‍സില്‍ അധ്യക്ഷ  അമീറ ബിന്‍ കറമിനോടുള്ള ബഹുമാനാര്‍ഥം ‘അമീറ ഫണ്ട്’് നിലവില്‍ വന്നു. കാന്‍സര്‍ രോഗികളുടെ ചികിത്സക്കും ക്ഷേമത്തിനുമായിട്ടാണ് ഇത് ഉപയോഗിക്കുക. 
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ പത്നിയും ഫ്രണ്ട്സ് ഓഫ് കാന്‍സറിന്‍െറ റോയല്‍ രക്ഷാധികാരിയുമായ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അര്‍ബുദ രോഗികളുടെ സാന്ത്വനമായിരുന്നു ബിന്‍ കറം. 
ഇവരുടെ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള അശ്രാന്തമായ പ്രയത്നമാണ് ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്‍റ് സൊസൈറ്റി എന്ന സ്ഥാപനമായി വളര്‍ന്നത്. സ്ത്രീ വിദ്യഭ്യാസത്തിന്‍െറ മഹത്വത്തെ പറ്റി അവര്‍ നിരന്തരം സമൂഹത്തെ ഉണര്‍ത്തി. അത് കൊണ്ടാണ് ശൈഖ ജവാഹിര്‍ ഇവരുടെ മരണ വാര്‍ത്ത അറിഞ്ഞ ഉടനെ എനിക്കൊരു മകള്‍ നഷ്ട്ടപ്പെട്ടിരിക്കുന്നുവെന്ന് സങ്കടപ്പെട്ടത്. 
രാജ്യത്തിനും സമൂഹത്തിനും വേണ്ടി സ്ത്രീകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്ന് യു.എ.ഇയിലെ സ്ത്രീകള്‍ക്ക് പഠിപ്പിച്ച് കൊടുത്ത കരുത്തുറ്റ സ്ത്രീ ശബ്ദമായിരുന്നു അമീറ ബിന്‍ കറം. ബിസിനസ് വനിതാ കൗണ്‍സിലില്‍ രാജ്യാന്തര വേദികളില്‍ ഷാര്‍ജയെ പ്രതിനിധീകരിച്ച് സംസാരിക്കാനുള്ള അവസരം പലതവണ അമീറയെ തേടിയത്തെിയിരുന്നു. ഐക്യരാഷ്ട്ര സഭയിലും അമീറയുടെ സാന്നിധ്യം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.  സ്ത്രീ ശാക്തീകരണത്തിന് നമ ഇന്‍റര്‍നാഷ്ണല്‍ ഫണ്ടിന് രൂപം കൊടുത്തപ്പോള്‍ മുന്‍നിരയില്‍ അമീറ ബിന്‍ കറം ഉണ്ടായിരുന്നു. ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയായിരുന്നു സംരഭത്തിന്‍െറ ചെയര്‍പേഴ്സണ്‍. 2017ല്‍ നമയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജയില്‍ സംഘടിപ്പിക്കാനിരിക്കുന്ന രാജ്യാന്തര വനിതാ ശാക്തീകരണ ഉച്ചകോടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് അമീറയും മാതാവും സഹോദരിയും ഉറങ്ങിക്കിടക്കുമ്പോള്‍ വില്ലക്ക് തീപിടിച്ച് മരിച്ചത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.