ദുബൈ വാട്ടര്‍ കനാല്‍: ശൈഖ് സായിദ് റോഡിലെ രണ്ടാം പാലം ജൂലൈയില്‍ തുറക്കും

ദുബൈ: ദുബൈ വാട്ടര്‍ കനാലിന്‍െറ ഭാഗമായി ശൈഖ് സായിദ് റോഡില്‍ നിര്‍മിക്കുന്ന രണ്ടാം പാലം ജൂലൈയില്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 703 ദശലക്ഷം ദിര്‍ഹം ചെലവില്‍ വാട്ടര്‍ കനാലിന്‍െറ നാലും അഞ്ചും ഘട്ടങ്ങള്‍ക്ക് ആര്‍.ടി.എ കരാര്‍ നല്‍കിയിട്ടുമുണ്ട്.
വാട്ടര്‍ കനാല്‍ പദ്ധതിയുടെ ഭാഗമായി ശൈഖ് സായിദ് റോഡില്‍ 16 വരി മേല്‍പ്പാലമാണ് നിര്‍മിക്കുന്നത്. 2014 നവംബറിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ഈ വര്‍ഷം ജനുവരിയില്‍ അബൂദബിയില്‍ നിന്ന് ദുബൈ ഭാഗത്തേക്കുള്ള പാലം നിര്‍മാണം പൂര്‍ത്തിയാക്കി വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. തുടര്‍ന്ന് ദുബൈ- അബൂദബി പാതയിലെ പാലം നിര്‍മാണം തുടങ്ങി. ഇത് ജൂലൈയില്‍ പൂര്‍ത്തിയാകുമെന്നാണ് ആര്‍.ടി.എ അറിയിച്ചിരിക്കുന്നത്. കനാല്‍ കുഴിക്കല്‍, വശം കെട്ടല്‍ പ്രവൃത്തികള്‍ ഇതോടൊപ്പം നടക്കുന്നുണ്ട്. പാലം പൂര്‍ത്തിയാകുന്നതോടെ ഇതിന്‍െറ അടിഭാഗത്തുള്ള കുഴിക്കല്‍ പ്രവൃത്തികള്‍ക്ക് തുടക്കമാകും. ശൈഖ് സായിദ് റോഡ് മുറിച്ചുകടന്ന് പാലത്തിനടിയിലൂടെ വാട്ടര്‍ കനാല്‍ ഒഴുകും. 800 മീറ്റര്‍ നീളമുള്ള പാലത്തിനടിയിലൂടെ 8.5 മീറ്റര്‍ വരെ ഉയരമുള്ള യാനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കും. അല്‍ വാസല്‍ റോഡ്, ജുമൈറ റോഡ് എന്നിവിടങ്ങളിലും കനാല്‍ കടന്നുപോകാന്‍ മേല്‍പ്പാലം നിര്‍മിക്കുന്നുണ്ട്. 3.2 കിലോമീറ്ററാണ് കനാലിന്‍െറ നീളം. 80 മുതല്‍ 120 മീറ്റര്‍ വരെയാണ് വീതി. ആറ് മീറ്റര്‍ ആഴമുണ്ടാകും. മൊത്തം പദ്ധതിയുടെ 92 ശതമാനം പൂര്‍ത്തിയായതായും നിശ്ചയിച്ച സമയമക്രമമനുസരിച്ചാണ് പ്രവൃത്തികള്‍ മുന്നോട്ടുപോകുന്നതെന്നും ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ പറഞ്ഞു.  
307 ദശലക്ഷം ദിര്‍ഹം ചെലവ് വരുന്ന നാലാംഘട്ടത്തില്‍ കനാലിന്‍െറ രണ്ട് കരയിലെയും അടിസ്ഥാന സൗകര്യവികസനമാണ് നടത്തുക. റോഡുകളും കുടിവെള്ള പൈപ്പുകളും മറ്റും സ്ഥാപിക്കും. 396 ദശലക്ഷം ദിര്‍ഹം ചെലവുള്ള അഞ്ചാംഘട്ടത്തില്‍ ബിസിനസ് ബേ കനാലിനെ ദുബൈ വാട്ടര്‍ കനാലുമായി ബന്ധിപ്പിച്ച് കടലിലത്തെിക്കും. പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് സ്ളാബുകള്‍ ഉപയോഗിച്ച് വശങ്ങള്‍ കെട്ടുന്നതടക്കമുള്ള പ്രവൃത്തികള്‍ ഈ ഘട്ടത്തിലാണ്. കനാലിന്‍െറ ഇരുകരകളിലുമായി മൂന്ന് ജലഗതാഗത സ്റ്റേഷനുകളും നിര്‍മിക്കും. സെപ്റ്റംബര്‍ അവസാനത്തോടെ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാകും.   
അല്‍ വാസല്‍, ജുമൈറ റോഡുകളില്‍ പാലവും ഇന്‍റര്‍ചേഞ്ചുകളും നിര്‍മിക്കുന്ന രണ്ടാംഘട്ട പ്രവൃത്തികള്‍ 86 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. വശങ്ങളിലെ ഭിത്തി കെട്ടലും മൂന്ന് നടപ്പാലങ്ങളും അടങ്ങുന്ന മൂന്നാംഘട്ടത്തിന്‍െറ പ്രവൃത്തികള്‍ 75 ശതമാനവും പൂര്‍ത്തിയായി. 10 ജലഗതാഗത സ്റ്റേഷനുകളും ഈ ഘട്ടത്തില്‍ നിര്‍മിക്കുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.