ഇന്ത്യ-യു.എ.ഇ ബന്ധം ശക്തിപ്പെട്ടു –ടി.പി. സീതാറാം

അബൂദബി: ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം കൂടുതല്‍ ശക്തിപ്പെട്ടതായി ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം. ഒരു വര്‍ഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര-വാണിജ്യ ബന്ധങ്ങള്‍ കൂടുതല്‍ ഫലപ്രദമായി മാറിയിട്ടുണ്ട്. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററിന്‍െറ പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ മേഖല, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയില്‍ ഇരുരാജ്യങ്ങളുടെയും കരാറുകള്‍ ശ്രദ്ധേയ കാല്‍വെപ്പാണ്. ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികളെ സമ്മാനിച്ച ഇന്ത്യയുമായുള്ള സഹകരണത്തെ യു.എ.ഇ ഏറെ താല്‍പര്യത്തോടെയാണ് നോക്കിക്കാണുന്നത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഇന്ത്യന്‍ സന്ദര്‍ശനം ഇതിന്‍െറ തെളിവാണ്.  യു.എ.ഇയുമായുള്ള ബന്ധം കൂടുതല്‍ ഫലപ്രദമാക്കുന്നതിന്‍െറ ഭാഗമായി എല്ലാ മാസവും കേന്ദ്രമന്ത്രിക്കാര്‍ ഇങ്ങോട്ട് എത്തിക്കൊണ്ടിരിക്കുകയാണ്. വിവിധ വകുപ്പുകളുമായി നടത്തുന്ന നിരന്തര ബന്ധങ്ങള്‍ ഇരുരാജ്യത്തിനും ഏറെ ഗുണകരമായിമാറിയിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.  
പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് സഹായഹസ്തമായി മാറുന്ന ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററിന് ഇന്ത്യന്‍ എംബസിയുടെ സഹകരണം എന്നും ഉണ്ടാകും.  ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു. സെന്‍ററിന്‍െറ നവീകരിച്ച വെബ്സൈറ്റിന്‍െറ പ്രകാശനവും ടി.പി. സീതാറാം നിര്‍വഹിച്ചു.
കെ.എസ്.സി പ്രസിഡന്‍റ് പത്മനാഭന്‍, മലയാളി സമാജം പ്രസിഡന്‍റ് യേശുശീലന്‍, ഐ.എസ്.സി ആക്ടിങ് പ്രസിഡന്‍റ് രാജന്‍ സക്കരിയ്യ, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ പ്രതിനിധി സുനിത വാഗള്‍, കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് നസീര്‍ ബി. മാട്ടൂല്‍, സുന്നി സെന്‍റര്‍ ജനറല്‍ സെക്രട്ടറി വി.എം. ഉസ്മാന്‍ ഹാജി, എസ്.വി. മുഹമ്മദലി മാസ്റ്റര്‍, രാമചന്ദ്രന്‍ നായര്‍, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, ഷഫീക്ക് എന്നിവര്‍ സംസാരിച്ചു.  ജനറല്‍ സെക്രട്ടറി മൊയ്തുഹാജി കടന്നപ്പള്ളി സ്വാഗതം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.