‘അഡ്കോ’യുടെ പേരില്‍ വ്യാജ നിയമന തട്ടിപ്പിന് ശ്രമം

അബൂദബി: അബൂദബി കമ്പനി ഫോര്‍ ഓണ്‍ഷോര്‍ ഓയില്‍ കോര്‍പറേഷന്‍സിന്‍െറ (അഡ്കോ) പേരില്‍ വ്യാജ നിയമന ഉത്തരവ് നിര്‍മിച്ച് തട്ടിപ്പിന് ശ്രമം. സൗദിയില്‍ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ശാന്തപുരം പള്ളിയാല്‍ത്തൊടി കൊടുവായക്കല്‍ സഗീറിനാണ് വ്യാജ നിയമന ഉത്തരവ് ലഭിച്ചത്. 
എന്നാല്‍, നിയമന ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ മുഖവിലക്കെടുക്കും മുമ്പ് അബൂദബിയിലെ സുഹൃത്തുക്കള്‍ മുഖേന അന്വേഷണം നടത്തിയതിനാല്‍ ഇദ്ദേഹം വലിയ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. 
അതേസമയം, ഈ തട്ടിപ്പില്‍ പല രാജ്യങ്ങളില്‍നിന്നുള്ള നിരവധി പേര്‍ കുടുങ്ങുന്നുണ്ട്. വിവിധ എന്‍ജിനീയര്‍, അക്കൗണ്ടന്‍റ്, ഡോക്യുമെന്‍റ് കണ്‍ട്രോളര്‍, മാനേജര്‍, വെല്‍ഡര്‍, ലിഫ്റ്റ് ഓപറേറ്റര്‍ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് വ്യാജ നിയമന ഉത്തരവ് നല്‍കുന്നത്.
വിവിധ തൊഴിലന്വേഷണ വെബ്സൈറ്റുകളില്‍നിന്ന് വിലാസം ശേഖരിക്കുകയാണ് തട്ടിപ്പിലെ ഒന്നാമത്തെ ഘട്ടം. പിന്നീട് തൊഴിലന്വേഷണ വെബ്സൈറ്റില്‍നിന്ന് ബയോഡാറ്റ കണ്ടെന്നും നിങ്ങള്‍ ഞങ്ങളുടെ കമ്പനിയിലേക്ക് അനുയോജ്യനാണെന്ന് തോന്നുന്നുവെന്നും അറിയിച്ച് ഇ-മെയില്‍ അയക്കും. ഇതോടൊന്നിച്ച് ഓണ്‍ലൈന്‍ അഭിമുഖത്തിനെന്ന് പറഞ്ഞ് ചോദ്യാവലിയും അയക്കും. 
ഇതിന്‍െറ മറുപടി മറുപടി മെയില്‍ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. ചോദ്യാവലിയില്‍ അഡ്കോയുടെ ലോഗോയുടെ വ്യാജാനുകരണവുണ്ട്. ശ്രദ്ധിച്ച് നോക്കിയാല്‍ ഇത് യഥാര്‍ഥ ലോഗോയില്‍നിന്ന് വ്യത്യസ്തമാണെന്ന് കാണാം. 
ഈ ഇ-മെയിലിനോട് ഉദ്യോഗാര്‍ഥി പ്രതികരിച്ച് ചോദ്യാവലി പൂരിപ്പിച്ച് അയച്ചാല്‍ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നുവെന്നും താങ്കളുടെ രേഖകള്‍ എച്ച്.ആര്‍ വിഭാഗത്തിന് കൈമാറിയിരിക്കുന്നുവെന്നും അറിയിച്ച് ഇ-മെയില്‍ അയക്കും. 
പിന്നീട് അഡ്നോകിന്‍െറ എച്ച്.ആര്‍ ഡയറക്ടറുടേതെന്ന വ്യാജേന ശമ്പളവും പ്രവൃത്തി സമയവുമൊക്കെ വ്യക്തമാക്കി കരാര്‍ പത്രം അയച്ച് ഇതില്‍ ഒപ്പിട്ട് തിരിച്ചയക്കാന്‍ പറയും. 
ഇതോടൊപ്പം വിസ പ്രോസസിങ് ഓഫിസറുടേതെന്ന പേരില്‍ വിലാസവും ഫോണ്‍നമ്പറും നല്‍കുകയും ജോലി-താമസ പെര്‍മിറ്റുകള്‍ കൈപ്പറ്റാന്‍ ഇയാളെ ബന്ധപ്പെടണമെന്ന് അറിയിക്കുകയും ചെയ്യും. 
ഇയാളെ ബന്ധപ്പെടുന്നതോടെ വിസ, ജോലി-താമസ പെര്‍മിറ്റുകള്‍ എന്നിവക്കായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. 

തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ‘അഡ്കോ’
അബൂദബി: അഡോകിന്‍െറ പേരില്‍ വ്യാജ നിയമന ഉത്തരവ് നിര്‍മിച്ചുള്ള തട്ടിപ്പ് വ്യാപകമായ സാഹചര്യത്തില്‍ കമ്പനി അവരുടെ വെബ്സൈറ്റില്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റിലെ തൊഴിലന്വേഷകര്‍ക്കുള്ള പേജില്‍ ‘പ്രധാന നോട്ടീസ് -കൃത്രിമം, തട്ടിപ്പ് സംബന്ധിച്ച മുന്നറിയിപ്പ്’ എന്ന പേരിലാണ് കമ്പനി ഉദ്യോഗാര്‍ഥികളെ ജാഗരൂകരാക്കുന്നത്. 
തട്ടിപ്പിന്‍െറ രൂപം കമ്പനി വെബ്സൈറ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്. അഡ്കോയോ അതിന്‍െറ മാതൃ സ്ഥാപനമായ അബൂദബി നാഷനല്‍ ഓയില്‍ കമ്പനിയോ (അഡ്നോക്) ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെ ആരെയും ജോലിക്ക് നിയമിക്കാറില്ളെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 
നിയമനത്തിന്‍െറ ഒരു ഘട്ടത്തിലും ഏത് ജോലിക്കുള്ള അപേക്ഷകനില്‍നിന്നും നേരിട്ടോ അല്ലാതെയോ പണമോ ഫീസോ ആവശ്യപ്പെടാറില്ളെന്നും വെബ്സൈറ്റില്‍ പറയുന്നു. ആരെങ്കിലും ഇത്തരം തട്ടിപ്പില്‍ പെട്ട് സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക്  ഒരു തരത്തിലും കമ്പനി ഉത്തരവാദിയായിരിക്കില്ളെന്നും  വ്യക്തമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.