രാജ്യം ഒരു വര്‍ഷം തിന്നുതീര്‍ക്കുന്നത് 4.22 ലക്ഷം ടണ്‍ കോഴിയിറച്ചി

അബൂദബി: രാജ്യത്ത് ഒരു വര്‍ഷം ഉപയോഗിക്കുന്നത് 4.22 ലക്ഷം ടണ്‍ കോഴിയിറച്ചിയാണെന്ന് ഒൗദ്യോഗിക കണക്കുകള്‍. 320 കോടി ദിര്‍ഹം വില വരുമിത്. 2014ലെ കണക്കുകള്‍ അനുസരിച്ച് സാമ്പത്തിക കാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. 
ആഭ്യന്തര ഉല്‍പാദനവും ഇറക്കുമതിയും പഠിച്ച ശേഷമാണ് രാജ്യത്തെ കോഴിയിറച്ചി ഉല്‍പാദനം സംബന്ധിച്ച റിപ്പോര്‍ട്ട് സാമ്പത്തിക കാര്യ മന്ത്രാലയം പുറത്തുവിട്ടത്. 
2015ല്‍ രാജ്യത്തേക്ക് 297.7 കോടി ദിര്‍ഹത്തിന്‍െറ കോഴിയിറച്ചിയാണ് ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.9 ശതമാനം കൂടുതല്‍. അതേസമയം, കഴിഞ്ഞ വര്‍ഷം 4.09 കോടി ദിര്‍ഹത്തിന്‍െറ കയറ്റുമതിയും 7.95 കോടി  ദിര്‍ഹത്തിന്‍െറ പുനര്‍കയറ്റുമതിയും നടന്നു. സാമ്പത്തിക കാര്യ മന്ത്രാലയത്തിന്‍െറ അനാലിസിസ്, കൊമേഴ്സ്യല്‍ ആന്‍റ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫര്‍മേഷന്‍ ആണ് പഠനം നടത്തിയത്. 
2014ല്‍ മൊത്തം ഉപയോഗത്തിന്‍െറ 11 ശതമാനമായിരുന്നു ആഭ്യന്തര ഉല്‍പാദനം. മൊത്തം 24 കോഴിഫാമുകള്‍ ചേര്‍ന്ന് 52000 ടണ്‍ ഇറച്ചിയാണ് ഉല്‍പാദിപ്പിച്ചത്. 
59.20 കോടി ദിര്‍ഹത്തിന് തുല്യമായ കോഴിയിറച്ചിയാണ് ഉല്‍പാദിപ്പിച്ചത്.  2014ലെ കണക്ക് അനുസരിച്ച് യു.എ.ഇയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ ഒരു ശതമാനം മാത്രമാണ് കാര്‍ഷിക മേഖലയില്‍ നിന്ന് ലഭിക്കുന്നതെന്ന് വ്യക്തമായി. ഈ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കാര്‍ഷിക മേഖലക്ക് സുപ്രധാന പ്രാധാന്യം നല്‍കേണ്ടതുണ്ട്.  
യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന കോഴിയിറച്ചിയുടെ 71.5 ശതമാനവും വരുന്നത് ബ്രസീലില്‍ നിന്നാണ്. 
അമേരിക്കയില്‍ നിന്ന് 6.7 ശതമാനവും സൗദിയില്‍ നിന്ന് 5.3 ശതമാനവും ഒമാനില്‍ നിന്ന് 3.7 ശതമാനവും ഫ്രാന്‍സില്‍ നിന്ന് 3.6 ശതമാനവും ഇറക്കുമതി ചെയ്യുന്നു. 
കുവൈത്ത്, ഒമാന്‍, ലബനന്‍, ഖത്തര്‍, ബഹ്റൈന്‍, സോമാലിയ, ജോര്‍ഡന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.