1. റാസൽഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി ഈദ് നമസ്കാര ശേഷം ആശംസ കൈമാറുന്നു, 2. അബൂദബി അൽ മുശ്രിഫ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വിവിധ എമിറേറ്റുകളിലെ പ്രമുഖരെ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിച്ചപ്പോൾ, 3. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ മോസ്കിൽ ബലി പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നു.
4.ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ സഅബീൽ ഗ്രാൻഡ് മോസ്കിൽ
പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നു
ദുബൈ: ഇബ്രാഹീം പ്രവാചകന്റെയും കുടുംബത്തിന്റെയും ത്യാഗ സന്ദേശങ്ങൾ പങ്കുവെച്ച് യു.എ.ഇയിലെ വിശ്വാസി സമൂഹവും ബലി പെരുന്നാൾ ആഘോഷിച്ചു. അതിരാവിലെ നടന്ന പെരുന്നാൾ നമസ്കാരത്തോടെയാണ് പെരുന്നാൾ ചടങ്ങുകൾ ആരംഭിച്ചത്. രാജ്യത്തെ ആയിരക്കണക്കിന് പള്ളികളിലും ഈദ് മുസ്വല്ലകളിലുമായി സ്വദേശികളും വിദേശികളും സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ നമസ്കാരത്തിന് ഒഴുകിയെത്തി. ഈദിന്റെ സന്ദേശം വിശ്വാസികൾക്ക് വിവരിച്ചു നൽകിയ പെരുന്നാൾ ഖുതുബക്ക് ശേഷം പരസ്പരം ആലിംഗനം ചെയ്തും ആശംസകൾ കൈമാറിയുമാണ് നമസ്കാര സ്ഥലങ്ങളിൽ നിന്ന് വിശ്വാസികൾ പിരിഞ്ഞത്.
പിന്നീട്, കുടുംബ സംഗമങ്ങളുടെയും സുഹൃദ് സംഗമങ്ങളുടെയും കാഴ്ചകളായിരുന്നു. ചൂട് കനത്തതിനാൽ വൈകുന്നേരം വരെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. എന്നാൽ, ചൂട് കുറഞ്ഞതോടെ ബീച്ചുകളിലും പാർക്കുകളിലും മാളുകളിലും അടക്കം നിരവധിപേർ കുടുംബ സമേതം ആഘോഷത്തിനായി എത്തിച്ചേർന്നു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ ഈദ് ദിനത്തിൽ വിവിധ രാഷ്ട്ര നേതാക്കളിൽ നിന്നുള്ള ആശംസകൾ സ്വീകരിച്ചു. ശൈഖ് മൻസൂർ ഉൾപ്പെടെ പ്രമുഖർ അബൂദബി ശൈഖ് സായിദ് മോസ്കിലെ ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. തുടർന്ന് അൽ മുശ്രിഫ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വിവിധ എമിറേറ്റുകളിലെ കിരീടാവകാശികൾ, ഉപ ഭരണാധികാരികൾ, ശൈഖുമാർ, മറ്റു അഭ്യുദയകാംക്ഷികൾ എന്നിവരെ അദ്ദേഹം സ്വീകരിച്ചു.
1.ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാശിദ് അൽ മുഅല്ല, ഉമ്മുൽഖുവൈൻ ശൈഖ് അഹമ്മദ് ബിൻ റാശിദ് അൽ മുഅല്ല മോസ്കിൽ പെരുന്നാൾ നമസ്കരിക്കുന്നു.2.1. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഫുജൈറയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ഈദ് നമസ്കാരത്തിന് എത്തിയപ്പോൾ, 3.അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി അജ്മാനിലെ ശൈഖ് റാശിദ് ബിൻ ഹുമൈദ് മോസ്കിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നു, 4. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ദുബൈ സഅബീൽ മജ് ലിസിൽ വെച്ച് ഈദ് ആശംസകൾ നേരുന്നു
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ മോസ്കിൽ മറ്റു ഉന്നത ഭരണ നേതൃത്വത്തിനൊപ്പം ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. നമസ്കാരത്തിന് ശേഷം അദ്ദേഹം ഈദ് ആശംസകൾ കൈമാറുകയും ചെയ്തു. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി അജ്മാനിലെ ശൈഖ് റാശിദ് ബിൻ ഹുമൈദ് മോസ്കിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഫുജൈറയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലാണ് ഈദ് നമസ്കരിച്ചത്.
സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, ഉമ്മുൽഖുവൈൻ ശൈഖ് അഹമ്മദ് ബിൻ റാശിദ് അൽ മുഅല്ല മോസ്കിൽ പെരുന്നാൾ നമസ്കരിച്ചു. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി ഖുസമിലെ ഈദ് മുസല്ലയിലാണ് നമസ്കാരത്തിനെത്തിയത്. നമസ്കാര ശേഷം അദ്ദേഹം ഈദ് ആശംസകൾ കൈമാറുകയും ചെയ്തു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മറ്റു ഭരണ പ്രമുഖരോടൊപ്പം ദുബൈ സഅബീൽ ഗ്രാൻഡ് മോസ്കിൽ പെരുന്നാൾ നമസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.