അബൂദബി: പുതിയ രണ്ടു വാർത്താവിനിമയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ യാഗ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് കമ്പനിയായ പി.ജെ.എസ്.സി (യഹ്സാത്). പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലുടനീളം സര്‍ക്കാര്‍ തല വാർത്താവിനിമയ ബന്ധങ്ങൾ ഉറപ്പാക്കുന്നതിനാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. ആദ്യ ഉപഗ്രഹം 2027ലും രണ്ടാമത്തെ ഉപഗ്രഹം 2028ലുമാണ് വിക്ഷേപിക്കുക. അല്‍ യാഹ് 4 ആണ് 2027ല്‍ വിക്ഷേപിക്കുക. അല്‍ യാഹ്(5) 2028ലും വിക്ഷേപിക്കും. 2011ല്‍ ഭ്രമണപഥത്തിലെത്തിച്ച അല്‍ യാഹ് 1, 2012ല്‍ വിക്ഷേപിച്ച അല്‍ യാഹ് 2 എന്നിവക്ക് പകരമായാണ് പുതുതായി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതെന്ന് യഹ്സാത് ഗ്രൂപ് സി.ഇ.ഒ അലി അല്‍ ഹാഷിമി പറഞ്ഞു. ബഹിരാകാശം കേന്ദ്രമായി വാർത്തവിനിമയ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ലക്ഷ്യങ്ങള്‍ക്ക് കരുത്തുപകരുന്നതാവും പുതിയ രണ്ടു ഉപഗ്രഹങ്ങളെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ കമ്പനിയായ എയര്‍ബസ് ആണ് അല്‍ യാഹ് 4, 5 ഉപഗ്രഹങ്ങളുടെ രൂപകല്പനയും നിര്‍മാണവും നടത്തുന്നത്. 390 കോടി ദിര്‍ഹമാണ് ഇരു ഉപഗ്രഹങ്ങളുടെയും ആകെ ചെലവ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.