തഖ്ദീര്‍ അവാര്‍ഡ്: നിര്‍മാണ കമ്പനികള്‍ക്ക് അപേക്ഷ  സമര്‍പ്പിക്കാന്‍ വെബ്സൈറ്റ് തുറന്നു

ദുബൈ: മികച്ച രീതിയില്‍ തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിര്‍മാണ കമ്പനികള്‍ക്കുള്ള തഖ്ദീര്‍ അവാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി പ്രത്യേക വെബ്സൈറ്റ് തുറന്നതായി തഖ്ദീര്‍ അവാര്‍ഡ് ചെയര്‍മാനും ദുബൈ താമസ- കുടിയേറ്റ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അറിയിച്ചു. 
നിര്‍മാണ കമ്പനികളെ തൊഴിലാളികളോടുള്ള പെരുമാറ്റം വിലയിരുത്തി തരംതിരിച്ച് നക്ഷത്രപദവി നല്‍കുകയാണ് തഖ്ദീര്‍ അവാര്‍ഡിലൂടെ ചെയ്യുന്നത്. www.taqdeeraward.ae എന്നതാണ് വെബ്സൈറ്റ് വിലാസം. അവാര്‍ഡിനാവശ്യമായ രേഖകള്‍ കമ്പനികള്‍ക്ക് ഈ വെബ്സൈറ്റിലൂടെ വളരെ വേഗത്തിലും എളുപ്പത്തിലും സമര്‍പ്പിക്കാന്‍ കഴിയും. ഇതാദ്യമായാണ് ദുബൈയില്‍ അവാര്‍ഡ് നടപടികള്‍ ഓണ്‍ലൈനിലൂടെ പൂര്‍ത്തിയാക്കുന്നത്. അവാര്‍ഡിനെക്കുറിച്ച പൂര്‍ണവിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. 
282 നിര്‍മാണ കമ്പനികളാണ് ദുബൈയിലുള്ളത്. അഞ്ചുലക്ഷത്തോളം തൊഴിലാളികള്‍ ഈ കമ്പനികള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നു. വെബ്സൈറ്റ് പരീക്ഷണഘട്ടത്തില്‍ തുറന്നപ്പോള്‍ തന്നെ 8500ഓളം സന്ദര്‍ശകര്‍ എത്തിയിരുന്നു. യു.എ.ഇക്ക് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, ചൈന, കനഡ, ആസ്ത്രേലിയ, ഫ്രാന്‍സ്, യു.കെ എന്നിവിടങ്ങളില്‍ നിന്നായിരുന്നു സന്ദര്‍ശകര്‍ ഏറെയും. അവാര്‍ഡ് പദ്ധതിക്ക് മികച്ച പ്രതികരണമാണ് നിര്‍മാണ കമ്പനികളില്‍ നിന്ന് ലഭിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ മറ്റ് മേഖലകളെയും ഫ്രീസോണ്‍ കമ്പനികളെയും കൂടി അവാര്‍ഡിനായി പരിഗണിക്കും.   
അവാര്‍ഡിന് പരിഗണിക്കപ്പെടാന്‍ കമ്പനികള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അപേക്ഷകള്‍ വിഗദ്ധരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റി വിശദമായി പരിശോധിക്കും. 
ഇതിന് ശേഷം ഒന്ന് മുതല്‍ അഞ്ച് വരെ നക്ഷത്രപദവി നല്‍കും. നാല്, അഞ്ച് നക്ഷത്രപദവി ലഭിക്കുന്ന കമ്പനികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും സര്‍ക്കാര്‍ പദ്ധതികളില്‍ മുന്‍ഗണന ലഭിക്കുകയും ചെയ്യും. ഈ കമ്പനികളെ ആദരിക്കാന്‍ പ്രത്യേക ചടങ്ങും സംഘടിപ്പിക്കും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.