അബൂദബി: അബൂദബി, മുസഫ, റാസല്‍ഖൈമ എന്നിവിടങ്ങളിലുള്ള സ്റ്റേഷനറി കടകള്‍ അടച്ചുപൂട്ടി മലയാളിയായ ഉടമ പോയതോടെ 30ലധികം ജീവനക്കാര്‍ ദുരിതത്തില്‍. രണ്ടര മാസത്തെ ശമ്പളം കിട്ടാത്തതിന് പുറമെ പാസ്പോര്‍ട്ട് തൊഴിലുടമയുടെ കൈയിലായത് ജീവനക്കാരെ ഏറെ ആശങ്കയിലാക്കുന്നു.
മലയാളികളും ബംഗ്ളാദേശികളും പാകിസ്താനികളും ഫിലിപ്പീന്‍സുകാരുമടങ്ങുന്ന ജീവനക്കാരാണ് പ്രയാസമനുഭവിക്കുന്നത്. ഇവരില്‍ ഗര്‍ഭിണിയുള്‍പ്പടെ നാല് സ്ത്രീകളുമുണ്ട്.
അബൂദബി, മുസഫ എന്നിവിടങ്ങളില്‍ രണ്ട് വീതവും റാസല്‍ഖൈമയില്‍ ഒന്നും സ്റ്റേഷനറി കട നടത്തിയിരുന്ന തിരുവല്ല സ്വദേശി മൂന്ന് മാസം മുമ്പ് അമ്മക്ക് സുഖമില്ല എന്ന് പറഞ്ഞ് നാട്ടിലേക്ക് പോയതാണ്. പിന്നീട് ഇദ്ദേഹത്തിന്‍െറ ബന്ധു കൂടിയായ കമ്പനി പി.ആര്‍.ഒ ആണ് കാര്യങ്ങള്‍ നടത്തിയത്. എന്നാല്‍, ആ മാസം മുതല്‍ ശമ്പളം മുടങ്ങി.
ഇതിനിടെ ഒരു ദിവസം അബൂദബി മദീന സായിദിലെ കടയില്‍ ബാങ്ക് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് എത്തിയവര്‍ ജപ്തി നടപടിയാണെന്ന് അറിയിച്ച് കട അടച്ചുപൂട്ടി മുദ്ര വെച്ചു. ഈ കട അടച്ചുപൂട്ടിയതോടെ മറ്റു കടകളില്‍ കിട്ടാനുള്ള പണം ആവശ്യപ്പെട്ട് നിരവധി പേര്‍ എത്തി. അതോടെ അവയും പൂട്ടുകയായിരുന്നു.
ജീവനക്കാരുടെ പ്രശ്നം പരിഹരിക്കാനെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച അബൂദബി കോര്‍ണിഷിലെ പാര്‍ക്കില്‍ പി.ആര്‍.ഒ എല്ലാവരെയും വിളിപ്പിച്ചിരുന്നു. കമ്പനി പ്രതിസന്ധിയിലാണെന്നും ബാങ്ക് ഗാരണ്ടിയായ 3000 ദിര്‍ഹം ഓരോ ജീവനക്കാരനും നല്‍കുമെന്നും അറിയിച്ച പി.ആര്‍.ഒ വിസ റദ്ദാക്കാന്‍ സമ്മതമാണെന്നറിയിച്ച് ഒപ്പിട്ട് കൊടുക്കാന്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടു. എന്നാല്‍, പണം എന്ന് ലഭിക്കുമെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട തൊഴിലാളികള്‍ക്ക് കൃത്യമായ മറുപടി അദ്ദേഹം നല്‍കിയില്ല. അതിനാല്‍ പലരും ഒപ്പിടാന്‍ വിസമ്മതിച്ചു.
ജീവനക്കാരില്‍ ചിലര്‍ വിസ റദ്ദാക്കാന്‍ സമ്മതമറിയിച്ച് ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. ഇവരില്‍ മിക്കവരും കമ്പനിയുടമയുടെ ബന്ധുക്കളാണെന്ന് ഒപ്പിടാത്തവര്‍ പറയുന്നു. ശമ്പളം മുടക്കുകയും പാസ്പോര്‍ട്ടുകള്‍ തടഞ്ഞുവെക്കുകയും ചെയ്തതിനെതിരെ ഏഴ് മലയാളികളടക്കം 14 പേര്‍ തൊഴില്‍ കോടതിയെ സമീപിച്ചതായി ജീവനക്കാരനായ മലപ്പുറം സ്വദേശി പ്രശോഭ് കൃഷ്ണന്‍ അറിയിച്ചു. കൂടാതെ അബൂദബി പൊലീസിലും ഇവര്‍ കേസ് നല്‍കിയിട്ടുണ്ട്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കമ്പനി സ്പോണ്‍സറെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പാസ്പോര്‍ട്ടുകള്‍ പി.ആര്‍.ഒയുടെ കൈയിലാണ് എന്നാണ് പറഞ്ഞത്.
തുടര്‍ന്ന് പി.ആര്‍.ഒയെ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ല. ഇയാള്‍ കേരളത്തിലേക്ക് പോയിട്ടുണ്ടെന്നും ജൂലൈ 30ന് തിരിച്ചത്തെുമെന്നുമാണ് കരുതുന്നത്.
കമ്പനിയില്‍ ഈയിടെ ജോലിക്കത്തെിയ പലരും യാത്രാചെലവ് സ്വയം വഹിച്ചാണ് വന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. പലരില്‍ നിന്നും സെക്യൂരിറ്റി തുക എന്ന് പറഞ്ഞ് 50000 മുതല്‍ 60000 രൂപ വരെ വാങ്ങിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.
ശമ്പളം ലഭിക്കാത്തതിനാല്‍ ഭക്ഷണത്തിനും മറ്റു ആവശ്യങ്ങള്‍ക്കും പ്രയാസപ്പെടുകയും പാസ്പോര്‍ട്ട് കൈയിലില്ലാത്തതിനാല്‍ ആശങ്കയിലാവുകയും ചെയ്ത തങ്ങളുടെ പ്രശ്നത്തില്‍ അധികൃതരും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ട് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.