ദുബൈ വാട്ടര്‍ കനാല്‍: ജുമൈറ റോഡിലെ പാലം ഭാഗികമായി തുറന്നു

ദുബൈ: ദുബൈ വാട്ടര്‍ കനാലിന്‍െറ ഭാഗമായി ജുമൈറ റോഡില്‍ നിര്‍മിച്ച പാലം ഭാഗികമായി ഗതാഗതത്തിന് ത ുറന്നു. വടക്കുഭാഗത്തെ പാലത്തിന്‍െറ രണ്ട് വരിയിലൂടെയാണ് ശനിയാഴ്ച വാഹനങ്ങള്‍ കടത്തിവിട്ടത്. തെക്കുഭാഗത്തെ പാലത്തിന്‍െറ രണ്ടുവരി അടുത്ത വെള്ളിയാഴ്ച തുറക്കും. ജുമൈറ മൂന്നിനെയും ജുമൈറ രണ്ടിനെയും ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങളുടെയും അവശേഷിക്കുന്ന ലെയിനുകള്‍ ജൂലൈ 21ന് തുറന്നുകൊടുക്കുമെന്നും ആര്‍.ടി.എ അറിയിച്ചു. ഇരുദിശകളിലേക്കുമായി മൂന്ന് വരികള്‍ വീതമാണ് രണ്ട് പാലങ്ങള്‍ക്കുമുള്ളത്. ജൂലൈ 21ഓടെ പാലം പൂര്‍ണതോതില്‍ ഗതാഗത സജ്ജമാകും.
ദുബൈ വാട്ടര്‍ കനാല്‍ പദ്ധതിയുടെ ഭാഗമായി ശൈഖ് സായിദ് റോഡ്, അല്‍ വാസല്‍ റോഡ്, ജുമൈറ റോഡ് എന്നിവിടങ്ങളിലാണ് പാലങ്ങള്‍ നിര്‍മിക്കുന്നത്.
ഈ മൂന്ന് റോഡുകളും മുറിച്ചുണ്ടാക്കുന്ന കനാലിലൂടെ ദുബൈ ക്രീക്കിനെ അറേബ്യന്‍ ഗള്‍ഫ് കടലുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ശൈഖ് സായിദ് റോഡിലെ രണ്ട് പാലങ്ങളും നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു. ദുബൈ- അബൂദബി ദിശയിലെ പാലത്തിന്‍െറ ഉദ്ഘാടനം ഒരാഴ്ച മുമ്പായിരുന്നു.
അല്‍ വാസല്‍ റോഡിലെ പാലം നിര്‍മാണം ജൂണ്‍ മൂന്നിന് പൂര്‍ത്തിയായി. ജുമൈറ പാലം കൂടി തുറക്കുന്നതോടെ വാട്ടര്‍ കനാല്‍ പദ്ധതിയുടെ ഒരുഘട്ടം പൂര്‍ത്തിയാകും.
പിന്നെ കനാല്‍ കുഴിക്കുന്ന പ്രവൃത്തിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ അറിയിച്ചു.  ജലോപരിതലത്തില്‍ നിന്ന് 8.5 മീറ്റര്‍ ഉയരമാണ് പാലത്തിനുണ്ടാവുക. പാലത്തിനടിയിലൂടെ ജലയാനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ സാധിക്കും. മൂന്ന് കിലോമീറ്ററോളം നീളമുള്ള കനാലിന്‍െറ ഇരുകരകളെയും ബന്ധിപ്പിച്ച് മൂന്ന് നടപ്പാലങ്ങളും നിര്‍മിക്കുന്നുണ്ട്. 10 ജലഗതാഗത സ്റ്റേഷനുകളും സ്ഥാപിക്കും. ജുമൈറ ബീച്ച് പാര്‍ക്കിന്‍െറ നവീകരണ പ്രവൃത്തികളും ഇതോടൊപ്പം നടക്കുന്നുണ്ട്. ദുബൈയിലെ പ്രശസ്തമായ സഫ പാര്‍ക്കിനരികിലൂടെയാണ് കനാല്‍ കടന്നുപോകുന്നത്. പാര്‍ക്കിന്‍െറ കനാലിനോട് ചേര്‍ന്ന ഭാഗത്ത് വിനോദത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കും. 200 ബില്യണ്‍ ദിര്‍ഹം ചെലവ് വരുന്ന ദുബൈ വാട്ടര്‍ കനാല്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.