അഭയാര്‍ഥി പ്രശ്നം: ശൈഖ് മുഹമ്മദും ബാന്‍ കി മൂണും ചര്‍ച്ച നടത്തി

ദുബൈ: ലോകമെങ്ങുമുള്ള അഭയാര്‍ഥി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും ചര്‍ച്ച നടത്തി. ജീവ കാരുണ്യ സഹായം ആവശ്യമുള്ള വിവിധ വിഷയങ്ങളില്‍ ഇരുവരും അഭിപ്രായങ്ങള്‍ കൈമാറി. 
അഭയാര്‍ഥികള്‍ അനുഭവിക്കുന്ന ഗുരുതരമായ വിഷയങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായി. അതിശൈത്യവും താമസ കേന്ദ്രം ഇല്ലാത്തതും പട്ടിണിയും അടക്കം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന അഭയാര്‍ഥി സമൂഹത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ട ആവശ്യകതയെ കുറിച്ച് ഇരുവരും ആശയങ്ങള്‍ പങ്കുവെച്ചു. ലോകമെങ്ങുമുള്ള പ്രയാസപ്പെടുന്നവര്‍ക്ക്  യു.എ.ഇ നല്‍കുന്ന ജീവകാരുണ്യ സഹായത്തെ ബാന്‍ കി മൂണ്‍ അഭിനന്ദിച്ചു. 
ജബല്‍അലിയിലെ ഇന്‍റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റിയില്‍ നടന്ന ദുബൈയുടെ ജീവകാരുണ്യ സഹായം സംബന്ധിച്ച ഉന്നത തല പാനല്‍ റിപ്പോര്‍ട്ട് പുറത്തിറക്കല്‍ ചടങ്ങിനാണ് ബാന്‍ കി മൂണ്‍ എത്തിയത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം,  ഹയ ബിന്‍ത് അല്‍ ഹുസൈന്‍, സഹ മന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, മുഹമ്മദ് ഇബ്രാഹിം അല്‍ ഷൈബാനി, ഐക്യരാഷ്ട്രസഭയിലെ യു.എ.ഇ അംബാസഡര്‍ ലാനാ നുസൈബ, ഖലീഫ സഈദ് സുലൈമാന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.