ദുബൈയിലെ പ്രവാസി ഭാരതീയ ദിവസ് സംഗമം പ്രഹസനമായി 

ദുബൈ: പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രവാസി ഭാരതീയ ദിവസമായ ശനിയാഴ്ച ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിച്ച സംഗമം പ്രഹസനമായി. മാധ്യമങ്ങളെ അറിയിക്കാതെ നടത്തിയ പരിപാടിയില്‍ വ്യവസായികളും വിരലിലെണ്ണാവുന്ന സംഘടനാ പ്രവര്‍ത്തകരുമായി നൂറോളം പേരാണ് പങ്കെടുത്തത്. ടെലികോണ്‍ഫറന്‍സ് വഴി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ദുബൈ ഉള്‍പ്പെടെ അഞ്ചു നഗരങ്ങളിലെ സംഗമ സദസ്സിനോട് സംസാരിച്ചെങ്കിലും നിലവിലെ പദ്ധതികള്‍ ആവര്‍ത്തിക്കുകയല്ലാതെ പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനമോ പ്രഖ്യാപനമോ ഉണ്ടായില്ല. ദുബൈയില്‍ നിന്ന് രണ്ടുപേര്‍ക്ക് മാത്രമാണ് മന്ത്രിയോട് സംവദിക്കാന്‍ അനുമതി ലഭിച്ചത്.
ഇന്ത്യയില്‍ വലിയതോതില്‍ നടത്തിയിരുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനങ്ങള്‍ ഇത്തവണ വിവിധ രാജ്യങ്ങളിലായി നടത്താന്‍ മോദി സര്‍ക്കാര്‍ അവസാനനിമിഷമാണ് തീരുമാനിച്ചത്. നേരത്തെ ഡല്‍ഹിയില്‍ സമ്മേളനം നടത്താന്‍ തീരുമാനിക്കുകയും പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തിരുന്നെങ്കിലൂം പൊടുന്നനെ റദ്ദാക്കുകയായിരുന്നു. അതിനിടയില്‍ കഴിഞ്ഞദിവസം പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ദുബൈയിലും നടന്നത്. ഇന്ത്യക്ക് പുറത്ത് ഏറ്റവും ശക്തമായ ഇന്ത്യന്‍ മാധ്യമ സാന്നിധ്യമുള്ള ദുബൈയില്‍ നടന്ന പരിപാടി മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. 
മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നടന്നപ്പോള്‍ പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിക്കാനും ചര്‍ച്ച ചെയ്യാനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ദുബൈയില്‍ അതൊന്നുമുണ്ടായില്ല.  ദുബൈക്ക് പുറമെ ലണ്ടന്‍, മൗറീഷ്യസ് തലസ്ഥാനമായ പോര്‍ട്ട് ലൂയി, മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ സദസ്സുമായി മന്ത്രി സുഷമ സ്വരാജ് ടെലികോണ്‍ഫറന്‍സിലുടെ സംസാരിച്ചു. ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാരുള്ള ഗള്‍ഫ് മേഖലയെ പ്രതിനിധീകരിച്ച് നടന്ന ദുബൈ സംഗമത്തില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് സുഷമ സ്വരാജുമായി സംസരിക്കാന്‍ അവസരം ലഭിച്ചത്. 
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വൈ.എ.റഹീമിനും ബിസിനസ് മേഖലയില്‍ നിന്നുള്ള വൈ.സുധീര്‍കുമാര്‍ ഷെട്ടിക്കും. ഹിന്ദിയില്‍ എഴുതി തയ്യാറാക്കിയ പ്രസംഗമാണ് മന്ത്രി വായിച്ചത്. ഗൗരവമായ പ്രഖ്യാപനങ്ങളോ പുതിയ പദ്ധതികളോ ഉണ്ടായില്ല. പരാതികളും നിര്‍ദേശങ്ങളും ഉന്നയിക്കാനോ ചര്‍ച്ച ചെയ്യനോ അവസരമില്ലാതിരുന്ന സംഗമം തീര്‍ത്തും വഴിപാടായിരുന്നെന്ന് പങ്കെടുത്തവര്‍ പറഞ്ഞു.   യു.എ.ഇയിലെ സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെ പറ്റി ക്ളാസായിരുന്നു ആദ്യ പരിപാടി. പ്രവാസികള്‍ നേരിടുന്ന ഗൗരവമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അവസരം നല്‍കാതെ സോഷ്യല്‍ മീഡിയയെക്കുറിച്ച് ക്ളാസെടുത്തത് പ്രതിഷേധത്തിനിടയാക്കി. ഒപ്പം, ഇന്ത്യയുടെ തൊഴില്‍ വൈദഗധ്യ വികസനം എന്ന വിഷയത്തിലും പ്രഭാഷണം നടന്നു. തുടര്‍ന്നായിരുന്നു മന്ത്രിയുടെ വിരസ പ്രസംഗം. ഇന്ത്യന്‍ അംബാസിഡര്‍ ടി.പി. സീതാറാമിന്‍െറ അസാന്നിധ്യത്തില്‍ , ആക്ടിങ് അംബാസിഡര്‍ നീതാ ഭൂഷന്‍ മുഖ്യപ്രഭാഷണം നടത്തി. കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍ സംഗമത്തിന് എത്തിയവരെ സ്വാഗതം ചെയ്തു. മുന്‍ വര്‍ഷങ്ങളിലായി പ്രവാസി ഭാരതീയ അവാര്‍ഡ്  നേടിയ ഡോ. ബി.ആര്‍ ഷെട്ടി, ഡോ. ഷംഷീര്‍ വയലില്‍, ഡോ. ആസാദ് മൂപ്പന്‍, പി.ബാവഹാജി, ഭരത് കുമാര്‍ ഷാ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.