ഷാര്‍ജ: അബുഷഹാറയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ഉപയോഗിച്ച വാഹനങ്ങളുടെ വിപണിക്ക് എന്നെന്നേക്കുമായി അധികൃതര്‍ താഴിട്ടു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളെല്ലാം തസ്ജീല്‍ വില്ളേജിന് സമീപത്തെ പുതിയ ചന്തയിലേക്ക് മാറി.
നിരവധി കച്ചവടക്കാര്‍ സമയ പരിധി കഴിഞ്ഞിട്ടും ഇവിടെ തന്നെ തുടരുകയായിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിപണി ഒഴിയണമെന്നും അല്ലാത്ത പക്ഷം വാഹനങ്ങള്‍ കണ്ട് കെട്ടുമെന്ന് വ്യാഴാഴ്ച്ച അന്ത്യശാസനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കച്ചവടക്കാര്‍ പുതിയ വിപണിയിലേക്ക് മാറിയത്.
ഇവിടെ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന സ്ഥാപനങ്ങളുടെയെല്ലാം ബോര്‍ഡുകള്‍ പലതും നീക്കം ചെയ്ത് കഴിഞ്ഞു. സമീപ ഭാവിയില്‍ പ്രദേശത്ത് കൂടുതല്‍ കെട്ടിടങ്ങളും വാഹനങ്ങള്‍ നിറുത്താനുള്ള സൗകര്യവും ഒരുക്കുമെന്നാണ് അറിയുന്നത്. ഷാര്‍ജയിലെ പ്രധാന ജനവാസ മേഖലയാണ് അബുഷഹാറ. മലയാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന മേഖലയാണിത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും കച്ചവട കേന്ദ്രങ്ങളും ഇവിടെ ധാരളമുണ്ട്. എന്നാല്‍ ജനനിബിഡ മേഖലയുടെ ഏറിയ ഭാഗവും വാഹന കച്ചവടക്കാരും ഉപഭോക്താക്കളും കൈയടക്കുന്നത് പതിവായതോടെ ഇവിടെ താമസിക്കുന്നവര്‍ക്ക് വാഹനം നിറുത്താന്‍ ഏറെ പ്രയാസം നേരിട്ടിരുന്നു.
ഇത് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഉപയോഗിച്ച വാഹനങ്ങള്‍ക്കായി നഗരസഭ പുതിയ മാര്‍ക്കറ്റൊരുക്കിയത്.
പുതിയ മാര്‍ക്കറ്റ് നില്‍ക്കുന്ന സ്ഥലം ഇത്തരം കച്ചവടത്തിന് അനുയോജ്യമാണ്. ജനവാസ മേഖലയല്ല എന്നതിന് പുറമെ വാഹനങ്ങളുടെ രേഖകള്‍ ശരിയാക്കുന്ന തസ്ജീല്‍ വില്ളേജ് സമീപത്തുണ്ട്. ശൈഖ് മുഹമദ് ബിന്‍ സായിദ് റോഡിന് സമീപത്തായതിനാല്‍ ആവശ്യക്കാര്‍ക്ക് എളുപ്പത്തില്‍ എത്താനാകും.
വര്‍ഷങ്ങളായി തങ്ങള്‍ മനസില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹം സഫലമായ സന്തോഷത്തിലാണ് അബുഷഹാറയിലെ താമസക്കാര്‍. വിലപേശലിന്‍െറ ആരവവും വാഹനങ്ങളുടെ നിലക്കാത്ത പുകയും അടങ്ങിയ സന്തോഷം ഇവിടെയുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള താമസക്കാര്‍ 'ഗള്‍ഫ് മാധ്യമ'വുമായി പങ്കുവെച്ചു. വിപണി മാറിയതറിയാതെ നിരവധി പേര്‍ കാറുകള്‍ വാങ്ങനായി ഇവിടെ എത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ ഇന്ന സ്ഥലത്തേക്ക് മാറിയിരിക്കുന്ന എന്ന ബോര്‍ഡുകള്‍ വെച്ചാണ് കച്ചവടക്കാര്‍ അബുഷഹാറയോട് യാത്ര പറഞ്ഞത്. ഇത് കാരണം വന്നവര്‍ക്ക് പുതിയ വിപണി കണ്ടത്തൊന്‍ പ്രയാസപ്പെടേണ്ടി വന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.