മാര്‍ച്ച് ഒന്ന് മുതല്‍ എമിറേറ്റ്സ് ഐ.ഡി പ്രധാന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

അബൂദബി: എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റിയുടെ പ്രധാന സേവന കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം മാര്‍ച്ച് ഒന്ന് മുതല്‍ മാറുന്നു. നിലവില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം 8.30 വരെ പ്രവര്‍ത്തിക്കുന്ന സെന്‍ററുകള്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെയാക്കിയാണ് മാറ്റുന്നത്. അതേസമയം, അബൂദബി അല്‍വത്ബയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സേവന കേന്ദ്രത്തിന്‍െറയും പ്രിവന്‍റീവ് മെഡിക്കല്‍ സെന്‍ററുകളില്‍ പ്രവര്‍ത്തിക്കുന്ന 23 എണ്ണം അടക്കം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 40 ഉപഭോക്തൃ സേവന കേന്ദ്രങ്ങളുടെയും പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ല. എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റിയുടെ 13 പ്രധാന സേവന കേന്ദ്രങ്ങളില്‍ ജി.സി.സി പൗരന്‍മാര്‍ക്കുള്ള ജനസംഖ്യാ രജിസ്ട്രേഷന്‍, ഐ.ഡി. കാര്‍ഡ് നല്‍കല്‍, പുതുക്കല്‍, നഷ്ടപ്പെട്ടതിനും മോശമായതിനും പകരം നല്‍കല്‍, വിരലടയാളവും ഫോട്ടോയും എടുക്കല്‍, യു.എ.ഇ- ജി.സി.സി വ്യക്തിഗത ജോലികള്‍ക്കുള്ള (വീട്ടുജോലി, ഡ്രൈവര്‍) സ്പോണ്‍സര്‍ഷിപ്പ് രജിസ്ട്രേഷന്‍ തുടങ്ങിയവയാണ് നടക്കുന്നത്. ഇതോടൊപ്പം യു.എ.ഇ താമസ വിസയിലുളളവര്‍ക്ക് നഷ്ടപ്പെട്ടതും മോശമായതുമായ എമിറേറ്റ്സ് ഐ.ഡി കാര്‍ഡിന് പകരം നല്‍കല്‍, വിവരങ്ങള്‍ പരിഷ്കരിക്കല്‍ തുടങ്ങിയവയും ഈ 13 കേന്ദ്രങ്ങളില്‍ ലഭ്യമാകും.  
പ്രിവന്‍റീവ് മെഡിസിന്‍ സെന്‍ററുകള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള എമിറേറ്റ്സ് ഐ.ഡി സേവന കേന്ദ്രങ്ങളില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും വിരലടയാള ശേഖരണം, ഫോട്ടോ എടുക്കല്‍, ഐ.ഡി കാര്‍ഡ് രജിസ്ട്രേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും. യു.എ.ഇയിലെ മുഴുവന്‍ എമിറേറ്റ്സ് ഐ.ഡി കേന്ദ്രങ്ങളുടെയും പ്രവൃത്തി സമയം, വിലാസം ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ www.id.gov.ae. എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഗൂഗ്ള്‍ മാപ്പ് വഴി ജി.പി.എസ് സേവനവും ലഭ്യമാണ്.  
പ്രധാന കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം കുറച്ചത് എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റി നടത്തിയ പഠനത്തിന്‍െറ അടിസ്ഥാനത്തിലാണെന്ന് സേവന കേന്ദ്രങ്ങള്‍ക്കുള്ള സപ്പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ നാസര്‍ അല്‍ അബ്ദൗലി പറഞ്ഞു.  എമിറേറ്റ്സ് ഐ.ഡി പഠന പ്രകാരം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് 50 ശതമാനം പേരും സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ സമയത്ത് 90 ശതമാനത്തിലധികം പേരും സേവന കേന്ദ്രങ്ങളിലത്തെുന്നുണ്ടെന്ന് പഠനത്തില്‍ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.   എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റി വെബ്സൈറ്റ്, കോള്‍സെന്‍റര്‍ നമ്പറായ 600530003, ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ എന്നിവയിലൂടെ അധികൃതരുമായി ബന്ധപ്പെടാനും സാധിക്കും.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.