പാം ദേര പാലം നിര്‍മാണം പുരോഗമിക്കുന്നു

ദുബൈ: ദേരയിലെ അല്‍ ഖലീജ് റോഡിനെയും പാം ദേരയെയും ബന്ധിപ്പിക്കുന്ന പാലത്തിന്‍െറ നിര്‍മാണം 22 ശതമാനം പൂര്‍ത്തിയായി. 150 ദശലക്ഷം ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന പാലം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. പദ്ധതി പ്രദേശത്ത് ആര്‍.ടി.എ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ അല്‍ തായിര്‍ ശനിയാഴ്ച സന്ദര്‍ശനം നടത്തി. 
പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ നഖീലാണ് കടല്‍ മണ്ണിട്ട് നികത്തി പാം ദേര നിര്‍മിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതും കമ്പനി തന്നെ. അല്‍ ഖലീജ് റോഡ് ഇന്‍റര്‍സെക്ഷനില്‍ നിന്ന് അബൂബക്കര്‍ സിദ്ദീഖ് റോഡ് നീട്ടി പാലവുമായി ബന്ധിപ്പിക്കും. പാലത്തിനടിയിലൂടെ ജലയാനങ്ങള്‍ക്ക് കടന്നുപോകാന്‍ ജലപാത നിര്‍മിക്കും. 
20 ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് എടുത്തുമാറ്റിയാണ് ജലപാത ഉണ്ടാക്കുന്നത്. ദേരയിലെ മറീന, പുതിയ മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള ബോട്ടുകളും മറ്റും ഇതിലൂടെ സഞ്ചരിക്കും. മറീന, പുതിയ മത്സ്യമാര്‍ക്കറ്റ് എന്നിവയുടെ കടലിനോട് ചേര്‍ന്ന വശങ്ങള്‍ ഭിത്തി കെട്ടി സംരക്ഷിക്കും. ഈ ഭാഗത്ത് വിളക്കുകളും മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളും സ്ഥാപിക്കും. ഇതിനകം ജലപാത പദ്ധതിയുടെ 20 ശതമാനം പൂര്‍ത്തിയായി. 3,20,000 ക്യുബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്തു. 32 മീറ്റര്‍ വീതിയുള്ള താല്‍ക്കാലിക ജലപാത തുറന്നിട്ടുണ്ട്. പാലം നിര്‍മാണം പൂര്‍ത്തിയായ ശേഷം ജലപാതയുടെ ബാക്കി ജോലികള്‍ ചെയ്യും. 
നാല് ദ്വീപുകളാണ് പാം ദേര പദ്ധതിയുടെ ഭാഗമായി നഖീല്‍ നിര്‍മിക്കുന്നത്. മൊത്തം വിസ്തീര്‍ണം 17 ദശലക്ഷം ചതുരശ്രമീറ്റര്‍. അല്‍ ഖലീജ് റോഡ്, അല്‍ ഖുദ്സ് റോഡ്, അല്‍ മിന റോഡ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പ്രധാന പ്രവേശ കവാടങ്ങളാണ് പാം ദേരയിലേക്കുണ്ടാവുക. 
നിരവധി ഹോട്ടലുകളും ഹോട്ടല്‍ അപാര്‍ട്മെന്‍റുകളും വിവിധോദ്ദേശ്യ കെട്ടിടങ്ങളും പാം ദേരയില്‍ ഉയരും. രണ്ടര ലക്ഷത്തോളം താമസക്കാര്‍ ഇവിടെയത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. 80,000ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.