ദുബൈ ടാക്സികളില്‍ നോല്‍, ക്രെഡിറ്റ്  കാര്‍ഡ് വഴി പണമടക്കാം

ദുബൈ: ദുബൈ ടാക്സികളില്‍ പണം നല്‍കാന്‍ ഇനി ചില്ലറ തപ്പി വിഷമിക്കേണ്ട. നോല്‍ കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും വഴി പണമടക്കാവുന്ന സംവിധാനം 8000ഓളം ടാക്സികളില്‍ നിലവില്‍ വന്നതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഘട്ടംഘട്ടമായി മുഴുവന്‍ ടാക്സികളിലും സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആര്‍.ടി.എ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റംസ് വിഭാഗം ഡയറക്ടര്‍ മൂസ അല്‍ റഈസി പറഞ്ഞു. 
നിലവില്‍ ആറ് ഫ്രാഞ്ചൈസികള്‍ക്ക് കീഴില്‍ 9500 ടാക്സികളാണ് ദുബൈയില്‍ സര്‍വീസ് നടത്തുന്നത്. നാലുതരത്തില്‍ പണമടക്കാവുന്ന സംവിധാനമാണ് ഇപ്പോള്‍ ടാക്സികളില്‍ നിലവില്‍ വന്നിരിക്കുന്നത്. പണം, ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍, നോല്‍ കാര്‍ഡ്, എന്‍.എഫ്.സി അധിഷ്ഠിത മൊബൈല്‍ സംവിധാനം എന്നിവയാണിവ. ഗോള്‍ഡ്, സില്‍വര്‍, ബ്ളൂ നോല്‍ കാര്‍ഡുകള്‍ പണമടക്കാന്‍ ഉപയോഗപ്പെടുത്താം. ക്രെഡിറ്റ് കാര്‍ഡ് വഴി പണം നല്‍കുമ്പോള്‍ ഓരോ ട്രിപ്പിനും രണ്ട് ദിര്‍ഹവും നോല്‍ കാര്‍ഡ് വഴിയാകുമ്പോള്‍ ഒരുദിര്‍ഹവും സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരും. മെട്രോ, ബസ് എന്നിവയിലെ പോലെ ടാക്സിയില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും നോല്‍ കാര്‍ഡ് സൈ്വപ് ചെയ്യേണ്ടതില്ല. ഇറങ്ങുമ്പോള്‍ ഡ്രൈവറുടെ കൈവശം നല്‍കിയാല്‍ യന്ത്രത്തില്‍ കാര്‍ഡ് സൈ്വപ് ചെയ്യുകയും പണം അക്കൗണ്ടില്‍ നിന്ന് കുറയുകയുമാണ് ചെയ്യുക. ക്രെഡിറ്റ് കാര്‍ഡ് വഴിയാകുമ്പോള്‍ യാത്രക്കാരന്‍ രഹസ്യ പിന്‍ നമ്പര്‍ അടിച്ചുനല്‍കേണ്ടിവരും.  
ഈ വര്‍ഷം അവസാനത്തോടെ മുഴുവന്‍ ടാക്സികളിലും യന്ത്രങ്ങള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാകും. 
പുതുതായി ഇറങ്ങുന്ന ടാക്സികളില്‍ സംവിധാനം ഉണ്ടാകും. ചില സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് യാത്രക്കാരില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത് പരിഹരിക്കാനും ശ്രമം നടന്നുവരുന്നു. പരമാവധി ആളുകളെ യന്ത്രം ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മൂസ അല്‍ റഈസി കൂട്ടിച്ചേര്‍ത്തു.  
ജി.പി.എസ് അധിഷ്ഠിത സ്മാര്‍ട്ട് ടാക്സി മീറ്ററുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിച്ചുവരികയാണ്. 
യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് ജി.പി.എസിന്‍െറ സഹായത്തോടെ കൂലി കണക്കുകൂട്ടുന്ന മീറ്ററാണിത്. ത്രിമാന മാപ്പുകള്‍, കാലാവസ്ഥാ വിവരങ്ങള്‍ തുടങ്ങിയവയും സ്മാര്‍ട്ട് മീറ്ററില്‍ ലഭ്യമാകും. കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് ഡ്രൈവര്‍ക്ക് സുരക്ഷാ സന്ദേശങ്ങള്‍ നല്‍കും. കേള്‍വി വൈകല്യമുള്ളവര്‍ക്ക് ഡ്രൈവറുമായി ആശയവിനിമയം നടത്താന്‍ പ്രത്യേക ആപ്ളിക്കേഷനും ഇതിലുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.