വിദ്യാലയ മുറ്റത്തെ അമ്മകൃഷി ശ്രദ്ധേയമാകുന്നു

അജ്മാന്‍: വിദ്യാര്‍ഥികളുടെ അമ്മമാരെ ഉദ്ദേശിച്ച് സ്കൂള്‍ മുറ്റത്ത് ആരംഭിച്ച ജൈവ കൃഷി ശ്രദ്ധേയമാകുന്നു. വീട്ടിലിരുന്ന്  മുഷിയുന്ന അമ്മമാര്‍ക്ക് അനുഗ്രഹവും കൂടിയായി ഈ പരിപാടി. അജ്മാന്‍ ഹാബിറ്റാറ്റ സ്കൂളിലാണ് രക്ഷിതാക്കള്‍ക്കായി ജൈവ കൃഷി ആരംഭിച്ചത്. 
400 ഓളം രക്ഷിതാക്കളില്‍ നിന്ന് തിരഞ്ഞെടുത്ത 20 അമ്മമാരാണ് സ്കൂള്‍ മുറ്റത്ത് വിത്തിറക്കി വിളവെടുക്കുന്നത്. 
കാബേജ്,തക്കാളി, വെണ്ടയ്ക്ക, പടവലം, പീച്ചിങ്ങ, മുളക്, കുമ്പളം, കോളിഫ്ളവര്‍,വഴുതന തുടങ്ങിയ ഇനങ്ങളാണ് ഇവിടെ വിളയിക്കുന്നത്. സ്കൂളിലെ ഗ്രീന്‍ ഹൗസില്‍ മുളപ്പിചെടുക്കുന്ന വിത്തുകള്‍  മദേഴ്സ് കോര്‍ണറില്‍ നട്ടു വെള്ളവും വളവും നല്‍കിയാണ് വിളവിന് പാകമാക്കുന്നത്.
വീട്ടിലെ പണികള്‍ ചെയ്ത് തീരത്ത് ഒഴിവ് സമയം ഉപയോഗപ്പെടുത്തി കൃഷിയിടത്തിലത്തെുന്ന അമ്മമാര്‍ ആവശ്യമായ പരിചരണം നല്‍കും. സ്കൂളില്‍ കൃഷിയുടെ ചുമതലയുള്ള സുഖിത ടീച്ചറുടെ സഹായവും തേടും. കഴിഞ്ഞ നവമ്പറില്‍ ആരംഭിച്ച കൃഷി ഇതിനകം രണ്ടു വട്ടം വിളവെടുത്തതായി  തലശ്ശേരി സ്വദേശിനി ഷീമ രാജേഷ് പറയുന്നു. 
മലയാളി വീട്ടമ്മമാരെ കൂടാതെ മറ്റു രാജ്യക്കാരും കൃഷിയില്‍ ഏറെ താല്പര്യത്തോടെ സജീവമായുണ്ടെന്നും ഫ്ളാറ്റില്‍ ചെയ്യാന്‍ കഴിയാത്ത കൃഷി  തങ്ങളുടെ ഇഷ്ടത്തിനു ചെയ്യാന്‍ അവസരം നല്‍കിയ സ്കൂള്‍ എം.ഡി ഷംസു സമാന്  പ്രത്യേക നന്ദിയുണ്ടെന്നും തിരുവല്ല സ്വദേശിനി മഞ്ജു പറഞ്ഞു. 
കുഞ്ഞുങ്ങളുടെ കളിമുറ്റത്തെ ഈ കൃഷി മനസിന് ആനന്ദം നല്‍കുന്നതാണെന്ന് ഉമാ ലക്ഷ്മി അഭിപ്രായപ്പെടുന്നു. വിളവെടുക്കുന്ന പച്ചക്കറി സ്കൂളിലെ രക്ഷിതാക്കള്‍ക്ക് തന്നെ വില്‍ക്കും. പൊതുവിപണിയെ അപേക്ഷിച്ച് വില കൂടുതലായിരുന്നിട്ടും ആളുകള്‍ ആവേശത്തോടെയാണ് വിളവുകള്‍ വാങ്ങുന്നതെന്ന് വില്‍പ്പന നടത്തുന്ന മുക്കം സ്വദേശി ഇത്താലുക്ക് സാക്ഷ്യപ്പെടുത്തുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.