സര്‍ക്കാര്‍ ഉച്ചകോടിക്ക് ഇന്ന് തുടക്കം

ദുബൈ: നാലാമത് സര്‍ക്കാര്‍ ഉച്ചകോടിക്ക് ദുബൈ മദീനത്ത് ജുമൈറയില്‍ തിങ്കളാഴ്ച തുടക്കമാകും. മൂന്നുദിവസം നീളുന്ന സമ്മേളനത്തില്‍ രാജ്യത്തിന്‍െറ ഭാവി സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടാകും. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായി നടത്തുന്ന സംവാദമാണ് ഉച്ചകോടിയുടെ പ്രത്യേകത. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉച്ചകോടിയുടെ ഉദ്ഘാടന സെഷനെ അഭിസംബോധന ചെയ്യും. 
‘ഭാവി സര്‍ക്കാറിനെ രൂപപ്പെടുത്താം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ 125 രാജ്യങ്ങളില്‍ നിന്ന് 3000ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പ്രതിനിധികളില്‍ ഉള്‍പ്പെടും. ഐക്യരാഷ്ട്രസഭ, ഗള്‍ഫ് സഹകരണ കൗണ്‍സില്‍, അറബ് ലീഗ്, ലോക ബാങ്ക്, ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇകണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ്, ലോക സാമ്പത്തിക ഫോറം പ്രതിനിധികളും ഉച്ചകോടിക്കത്തെുന്നുണ്ട്. 70ഓളം വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. റുവാണ്ടയിലെ 10 ലക്ഷത്തോളം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രസിഡന്‍റ് പോള്‍ കഗാമെ വിശദീകരിക്കും. ഭാവി സര്‍ക്കാര്‍ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് സര്‍വകലാശാല വിദ്യാര്‍ഥികളുടെയടക്കം പ്രബന്ധങ്ങള്‍ ഉണ്ടാകും. 
തിങ്കളാഴ്ച വൈകിട്ട് 6.30 മുതല്‍ ഒരുമണിക്കൂറാണ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് 10 ലക്ഷത്തോളം ഫോളോവര്‍മാരുമായി സാമൂഹിക മാധ്യമങ്ങളിലൂടെ സംവദിക്കുക. ഭാവി സര്‍ക്കാറിനെ കുറിച്ച ആശയങ്ങള്‍ അദ്ദേഹം പങ്കുവെക്കുകയും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.