ദുബൈ ടാക്സികളില്‍ പകുതിയും ഹൈബ്രിഡ് ആക്കും

ദുബൈ: അന്തരീക്ഷ മലിനീകരണം കുറക്കാനുള്ള നടപടികളുമായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മുന്നോട്ട്. ടാക്സി സര്‍വീസിനായി മലിനീകരണം കുറഞ്ഞ ഹൈബ്രിഡ് വാഹനങ്ങള്‍ വരുംവര്‍ഷങ്ങളില്‍ കൂടുതലായി രംഗത്തിറക്കുമെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ അല്‍ തായിര്‍ അറിയിച്ചു. 2021ഓടെ മൊത്തം ടാക്സികളില്‍ പകുതിയും ഹൈബ്രിഡാക്കി മാറ്റും. നിലവില്‍ 150 ഹൈബ്രിഡ് ടാക്സികളാണുള്ളത്. അഞ്ചുവര്‍ഷം കൊണ്ട് ഇത് 4750 ആക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
വൈദ്യുതിയും പെട്രോളും ഇടകലര്‍ത്തി ഉപയോഗിക്കുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങള്‍. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കുന്നത് സ്വയം ചാര്‍ജ് ചെയ്യുന്ന ഇലക്ട്രിക് മോട്ടോറിന്‍െറ സഹായത്തോടെയാണ്. ഇതില്‍ കൂടുതല്‍ വേഗത്തില്‍ പോകണമെങ്കില്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കും. സാധാരണ വാഹനങ്ങളേക്കാള്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 30 ശതമാനം കുറവുണ്ടാകും. ദുബൈ സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജിയുടെ നിര്‍ദേശാനുസരണം ടാക്സികളില്‍ നിന്നുള്ള മൊത്തം കാര്‍ബണ്‍ ബഹിര്‍ഗമനം രണ്ട് ശതമാനത്തില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് ആര്‍.ടി.എ മുന്നോട്ടുപോകുന്നത്. 
2015ല്‍ 147 ഹൈബ്രിഡ് ടാക്സികളാണ് ദുബൈയിലുണ്ടായിരുന്നത്. ഈ വര്‍ഷം 791 ആയി വര്‍ധിപ്പിക്കും. 2017ല്‍ 1582ഉം 2018ല്‍ 2375ഉം 2019ല്‍ 3167ഉം 2020ല്‍ 3959ഉം ആയി വര്‍ധിപ്പിച്ച് 2021ല്‍ 4750ലത്തെിക്കും. ദുബൈ ടാക്സി കോര്‍പറേഷന് കീഴിലായിരിക്കും ഏറ്റവും കൂടുതല്‍ ഹൈബ്രിഡ് കാറുകള്‍- 2280 എണ്ണം. കാര്‍സ് ടാക്സി- 900, നാഷണല്‍ ടാക്സി- 812, അറേബ്യ ടാക്സി- 463, മെട്രോ ടാക്സി- 377, സിറ്റി ടാക്സി- 18 എന്നിങ്ങനെയാണ് മറ്റുള്ളവയുടെ എണ്ണം. 
മിഡിലീസ്റ്റില്‍ ആദ്യമായി 2008ല്‍ ആര്‍.ടി.എയാണ് ഹൈബ്രിഡ് ടാക്സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ രംഗത്തിറക്കിയത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 34 ശതമാനവും ഇന്ധന ഉപഭോഗത്തില്‍ 33 ശതമാനവും കുറവുണ്ടായതായി പരീക്ഷണത്തില്‍ തെളിഞ്ഞു. അറ്റകുറ്റപണി ചെലവും കുറഞ്ഞു. ഒരുവര്‍ഷം കൊണ്ട് അന്തരീക്ഷത്തിലത്തെുന്ന കാര്‍ബണില്‍ 2.30 ലക്ഷം ടണ്‍ കുറവുണ്ടാക്കാന്‍ സാധിക്കും. 179 ദശലക്ഷം ദിര്‍ഹമാണ് ഇതുവഴിയുള്ള ലാഭം. ഹരിതപദ്ധതികളുടെ ഭാഗമായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബസുകളുടെ പരീക്ഷണ ഓട്ടത്തിനും ആര്‍.ടി.എ കഴിഞ്ഞവര്‍ഷം തുടക്കം കുറിച്ചിരുന്നു. 
30 മിനുട്ട് ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ബസിന് കഴിയും. പ്രകൃതിവാതകത്തില്‍ ഓടുന്ന അബ്രകളും പരീക്ഷിച്ചു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അബ്രകളുടെ പരീക്ഷണ ഓട്ടം ഇപ്പോള്‍ നടക്കുകയാണ്. 
തെരുവുവിളക്കുകള്‍ എല്‍.ഇ.ഡി ആക്കിയതിലൂടെ പ്രതിവര്‍ഷം 3000 ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലത്തെുന്നത് തടയാന്‍ സാധിച്ചു. 2030ഓടെ മുഴുവന്‍ തെരുവുവിളക്കുകളും എല്‍.ഇ.ഡി ആക്കുമ്പോള്‍ 27,000 മെഗാ ടണ്‍ കാര്‍ബണിന്‍െറ കുറവാണ് അന്തരീക്ഷത്തിലുണ്ടാവുക. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.