പ്രായാധിക്യമുള്ളവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡിന് നീക്കം

ദുബൈ: യു.എ.ഇയില്‍ പ്രായാധിക്യമുള്ളവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. പ്രായമുള്ളവര്‍ക്കായി രാജ്യത്തെ ഓരോ എമിറേറ്റിലും മെഡിക്കല്‍ കോംപ്ളക്സ് ആരംഭിക്കാനും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ നിര്‍ദേശം മുന്നോട്ടുവെച്ചു. പ്രായാധിക്യമുള്ളവര്‍ക്ക് ഏര്‍പ്പെടുത്തുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും തടസ്സമില്ലാതെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് അവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. ഇതടക്കം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 15 നിര്‍ദേശങ്ങളാണ് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ചത്.  
പ്രായമേറിയവരുടെ ചികിത്സക്ക് മാത്രമായി ഓരോ എമിറേറ്റിലും പ്രത്യേക മെഡിക്കല്‍ കോംപ്ളക്സുകള്‍ ആരംഭിക്കണം. മാനസികരോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മാനസികാരോഗ്യ നിയമനിര്‍മാണം പൂര്‍ത്തിയാക്കണം. ജോലിക്കാരുടെ അവകാശസംരക്ഷണം സംബന്ധിച്ചും നിയമനിര്‍മാണം വേണം. ആരോഗ്യരംഗത്തെ മാറ്റങ്ങള്‍ പഠിക്കുന്നതിന് നിരന്തരമായി സര്‍വേകള്‍ നടത്തുന്ന ഗവേഷണകേന്ദ്രങ്ങള്‍ വേണം. ഇതിനായി ആരോഗ്യമന്ത്രാലയത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കണം. അമിതവണ്ണം, അര്‍ബുദം, പ്രമേഹം, പക്ഷാഘാതം, മാനസിക വൈകല്യം എന്നിവ ഇത്തരം ഗവേഷണങ്ങളിലൂടെ കുറക്കാന്‍ കഴിയും. നിര്‍ദേശങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് കൈമാറി. സ്പീക്കര്‍ ഡോ. അമല്‍ അബ്ദുല്ല അല്‍ ഖുബൈസി അധ്യക്ഷയായിരുന്നു. ചര്‍ച്ചയില്‍ സാമൂഹിക കാര്യമന്ത്രി മറിയം ബിന്‍ത് മുഹമ്മദ് ഖല്‍ഫാന്‍ ആല്‍ റൂമി, ആരോഗ്യമന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ആല്‍ ഉവൈസി എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.