യു.എ.ഇയില്‍ രണ്ട് തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണത്തിന് ഒരുക്കങ്ങളായി

ദുബൈ: ജനുവരി മുതല്‍ വലിയ കമ്പനികളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ആരോഗ്യ-സുരക്ഷാ ഒഫീസര്‍ ജോലികള്‍ക്ക് സ്വദേശികളെ നിയോഗിക്കണമെന്ന നിര്‍ദേശം നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ മാനവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം പൂര്‍ത്തിയാക്കി. ഈ ജോലിക്ക് ആവശ്യമായ യോഗ്യതയുള്ള യു.എ.ഇ സ്വദേശികളുടെ പട്ടിക തയ്യാറാക്കി തൊഴിലുടമകള്‍ക്ക് കൈമാറിക്കഴിഞ്ഞു. ഇതു സംബന്ധിച്ച ഉത്തരവ് ഈ വര്‍ഷം ജൂലൈയില്‍ പുറത്തിറക്കിയിരുന്നു. 
2021 നകം സാധ്യമാക്കേണ്ട ദേശീയ ലക്ഷ്യങ്ങളുടെ ഭാഗമായാണ് സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതെന്ന് മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഫരീദ അല്‍ അലി അറിയിച്ചു.  
1000ത്തിലധികം ജീവനക്കാരുള്ള കമ്പനികള്‍ മന്ത്രാലയത്തിന്‍െറ  തസ്ഹീല്‍ ഇലക്ട്രോണിക് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. 
2017 മുതല്‍ ഡാറ്റാ എന്‍ട്രി ജോലിക്കായി സ്വദേശികളെ നിയോഗിക്കുകയും വേണം. ആയിരത്തിലേറെ ജീവനക്കാരുള്ള 375 പ്രധാന കമ്പനികളാണ് യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്നത്. 
സ്വദേശി തൊഴിലന്വേഷകര്‍ക്ക് ഈ ജോലി നിഷേധിക്കുന്നതും മന്ത്രാലയത്തിന്‍െറ ഉത്തരവ് ലംഘിക്കുന്നതും വര്‍ക് പെര്‍മിറ്റുകള്‍ നിഷേധിക്കപ്പെടാന്‍ കാരണമാവും.  500 ജീവനക്കാരുള്ള നിര്‍മാണ-വ്യവസായ   കമ്പനികള്‍  ആരോഗ്യ-സുരക്ഷാ ഒഫീസര്‍ തസ്തികയില്‍ സ്വദേശികളെ നിയോഗിക്കണം. 
ഇവരെ നിയോഗിക്കാത്ത പക്ഷം പുതിയ വര്‍ക് പെര്‍മിറ്റ് അനുവദിക്കില്ല. ഇതിനു പുറമെ പിഴ ശിക്ഷയടക്കം മറ്റു നടപടികള്‍ക്കും ഇതു വഴിയൊരുക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രി സഖ്ര്‍ ഘോബാഷ് വ്യക്തമാക്കി. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.