മൂടല്‍ മഞ്ഞ്: ഷാര്‍ജയില്‍ നിന്ന്  വിമാനങ്ങള്‍ തിരിച്ചുവിട്ടു

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ രാവിലെ രൂപപ്പെട്ട ശക്തമായ മൂടല്‍ മഞ്ഞ് കാരണം 17 വിമാനങ്ങള്‍ തിരിച്ചുവിട്ടു. ഇവ ഫുജൈറ, അല്‍ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കാണ് തിരിച്ച് വിട്ടത്. പുലര്‍ച്ചെ 5.45 മുതല്‍ 6.50 വരെ ഷാര്‍ജയില്‍ ഇറങ്ങേണ്ട വിമാനങ്ങളാണ് മൂടല്‍ മഞ്ഞ് കാരണം മറ്റിടങ്ങളില്‍ ഇറങ്ങിയത്. യാത്രക്കാര്‍ക്ക് ചെറിയ പ്രയാസങ്ങള്‍ ഇത് മൂലം ഉണ്ടായെങ്കിലും സുരക്ഷ മുന്‍നിറുത്തിയാണ് വിമാനങ്ങള്‍ മറ്റിടങ്ങളില്‍ ഇറക്കിയതെന്ന് മനസിലായതോടെ പരാതിയുണ്ടായില്ല. 
എയര്‍ അറേബ്യ വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടതില്‍ കൂടുതലും. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെട്ട എയര്‍ അറേബ്യ വിമാനങ്ങളും വൈകിയവയില്‍പ്പെടും. കോഴിക്കോട് നിന്ന് വന്ന  ജി. 9455. കൊച്ചിയില്‍ നിന്ന് വന്ന ജി. 9426 എയര്‍ അറേബ്യ വിമാനങ്ങളാണിവ. ഇവ യഥാക്രമം രാവിലെ 6.20, 6.25ന് ഷാര്‍ജയില്‍ ഇറങ്ങേണ്ടതായിരുന്നു. ഇവ മണിക്കൂറുകള്‍ കഴിഞ്ഞാണ് ഷാര്‍ജയിലേക്ക് തിരിച്ച് കൊണ്ടുവന്നത്. 
സാധാരണ ഗതിയില്‍ ഇത്തരത്തില്‍ വിമാനങ്ങള്‍ തിരിച്ച് വിടുമ്പോള്‍ ഉടലെടുക്കുന്ന സമയക്രമത്തിലെ വ്യതിയാനങ്ങള്‍ പരിഹരിക്കാന്‍ രണ്ടോ, മൂന്നോ ദിവസങ്ങള്‍ വേണ്ടി വന്നേക്കാം. 
അങ്ങനെയാണെങ്കില്‍ അടുത്ത രണ്ട് ദിവസങ്ങളിലും വിമാനങ്ങള്‍ ഇറങ്ങുന്നതില്‍ കാലതാമസം നേരിട്ടേക്കാം എന്നാണ് സൂചന. വിമാനത്താവളങ്ങളിലെ കാലവസ്ഥയും പുറത്തെ കാലാവസ്ഥയും തമ്മില്‍ പലപ്പോഴും മാറ്റം ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് മഞ്ഞിറക്കത്തിന്‍െറ കാര്യത്തില്‍. പുറത്തേക്ക് ശക്തമായ മഞ്ഞ് അനുഭവപ്പെടാത്ത സമയത്ത് വിമാനത്താവളങ്ങളില്‍ സ്ഥിതി മറിച്ചായിരിക്കും. ഇതിന് പുറമെ മഞ്ഞ് ശക്തമല്ളെങ്കിലും  എയര്‍ ട്രാഫിക്  കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശങ്ങളെ തുടര്‍ന്നും വിമാനങ്ങള്‍ വഴി തിരിച്ച് വിടാറുണ്ട്. യാത്രക്കാരുടെ സുരക്ഷ മുന്‍ നിറുത്തിയാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഷാര്‍ജ രാജ്യാന്തര വിമാനതാവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ നിലവില്‍ ഒരു റണ്‍വേയാണുള്ളത്.  മറ്റിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ തിരിച്ച് കൊണ്ട് വരാന്‍ വൈകിയതിന് ഇതും കാരണമായി. 
നാട്ടില്‍ നിന്ന് വരുന്നവരെ സ്വികരിക്കാന്‍ വന്നവര്‍ക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.