മലയാള അക്ഷരങ്ങള്‍ക്ക്  കാവ്യാര്‍ച്ചനയുമായി നിസ നിസാര്‍

അബൂദബി: മലയാളത്തിലെ എല്ലാ അക്ഷരങ്ങള്‍ കൊണ്ടും തുടങ്ങുന്ന കവിതകള്‍ എഴുതി പുതു വഴിയിലൂടെയുള്ള സഞ്ചാരം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് കണ്ണൂര്‍ സ്വദേശിനിയായ നിസ നിസാര്‍. എല്ലാ വരികളും ഒരേ അക്ഷരങ്ങളില്‍ തന്നെ തുടങ്ങുകയയെന്ന നിഷ്കര്‍ഷ പുലര്‍ത്തിയാണ് നിസ ഇത്തരം കവിതകള്‍ രചിക്കുന്നത്.
ആറെണ്ണമൊഴികെ മറ്റുള്ള അക്ഷരങ്ങളിലെല്ലാം ഇവര്‍ കവിതകള്‍ എഴുതിയിട്ടുണ്ട്. ബാക്കിയുള്ള ആറ് അക്ഷരങ്ങളില്‍ കൂടി കവിതകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. ‘ഛ’ അക്ഷരം കൊണ്ടുള്ള കവിതയായിരിക്കും തനിക്ക് ഏറ്റവും പ്രയാസകരമെന്ന് നിസ പറഞ്ഞു.
ഖൈറുന്നിസ നിസാര്‍ എന്നാണ് നിസയുടെ ശരിയായ പേര്.  നിസ നിസാര്‍ എന്ന തൂലികാ നാമത്തിലാണ് കവിതകളും കഥകളും ലേഖനങ്ങളുമൊക്കെ എഴുതുന്നത്. 12 വര്‍ഷമായി അല്‍ഐനില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന നിസ എ.പി. നിസാറിന്‍െറ ഭാര്യയാണ്.2002ല്‍ എഴുതി തുടങ്ങിയെങ്കിലും പിന്നീട് രചനകളില്‍ ശ്രദ്ധിക്കാതെ മറ്റു കാര്യങ്ങളിലേക്ക് തിരിയുകയായിരുന്നുവെന്ന് നിസ പറയുന്നു. വീണ്ടും ആശയങ്ങള്‍ക്ക് വാക്കുകളുടെ നിറം കൊടുത്തുകൊണ്ട് എഴുത്തില്‍ സജീവമാകാനുള്ള തീരുമാനത്തിലാണ് ഇവര്‍. സമൂഹത്തിലെ അനീതികള്‍ക്കെതിരെ അക്ഷരങ്ങള്‍ കൊണ്ട് പ്രതികരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇവര്‍ പറയുന്നു.
ഇരുനൂറോളം കവിതകള്‍ നിസ രചിച്ചിട്ടുണ്ട്. 2005ല്‍ ‘ഹുത്വമ നിവാസികള്‍’ ആണ് ആദ്യ കവിത. കഥ, ഗാനരചന, ഓര്‍മക്കുറിപ്പ്, യാത്രാവിവരണം, ലേഖനം തുടങ്ങിയവയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 
ചില കവിതകള്‍ ഗായകന്‍ റഷീദ് പള്ളിക്കല്‍ ആലപിച്ചിട്ടുണ്ട്. യു.എ.ഇ അടിസ്ഥാനത്തില്‍ ‘തനിമ’ നടത്തിയ മത്സരത്തില്‍ കഥക്കും കവിതക്കും സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ആന്‍സി സാജന്‍ പുറത്തിറക്കിയ ‘വാക്കുകള്‍ പൂക്കുന്നു’ കവിതാ സമാഹാരത്തില്‍ നിസയുടെ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.