ദുബൈ: ഇന്ത്യയിലെ 67 ചെറുകിട എണ്ണപ്പാടങ്ങള്‍ ഖനനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ യു.എ.ഇയില്‍ നിന്ന് കമ്പനികളെ തേടുന്നു. ഖനന മേഖലകള്‍ അന്താരാഷ്ട്ര തലത്തില്‍ ലേലം ചെയ്യുന്നതിന് മുന്നോടിയായി എണ്ണമന്ത്രാലയം പ്രതിനിധികള്‍ ദുബൈയില്‍ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തി. വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചാണ് ഖനനത്തിന് നിക്ഷേപകരെ തേടുന്നത്.
ദുബൈ ലേമെറിഡിയന്‍ ഹോട്ടലിലാണ് ഇന്ത്യന്‍ എണ്ണ- പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി കെ.ഡി ത്രിപാഠിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ 46 കരാര്‍ മേഖലകളിലുള്ള 67 ചെറുകിട എണ്ണപ്പാടങ്ങളാണ് ലേലം ചെയ്യുന്നത്. കസ്റ്റംസ് ഡ്യൂട്ടി, എണ്ണ സെസ് എന്നിവയില്‍ നിന്ന് ഉല്‍പാദകരെ ഒഴിവാക്കും. വില നിര്‍ണയത്തിലും വിപണനത്തിലും പൂര്‍ണ സ്വാതന്ത്യം നല്‍കും. വരുമാനം പങ്കിടുന്ന വ്യവസ്ഥയില്‍ 20 വര്‍ഷത്തേക്കാണ് കരാര്‍. നിലവില്‍ എണ്ണ- പ്രകൃതി വാതക സാന്നിധ്യം കണ്ടത്തെിയ എണ്ണപ്പാടങ്ങളാണ് ലേലം ചെയ്യുന്നതെന്നതിനാല്‍ പര്യവേക്ഷണം കൂടുതല്‍ വേണ്ടിവരില്ല. ഇതും ആഭ്യന്തരവിപണിയില്‍ ഉയര്‍ന്ന ഡിമാന്‍റുള്ളതും നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ടെന്ന് കെ.ഡി ത്രിപാഠി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
യു.എ.ഇയില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ സംരംഭകരെ പ്രതീക്ഷിക്കുന്നത്. അടുത്തദിവസം അബൂദബിയിലും പ്രതിനിധി സംഘം നിക്ഷേപകരെ കാണും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സ് ഡയറക്ടര്‍ ജനറല്‍ അതാനു ചക്രബര്‍ത്തി, മനീഷ് അഗര്‍വാള്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.