കള്ള ടാക്സികള്‍ക്കെതിരെ കര്‍ശന നടപടിയുമായി ആര്‍.ടി.എ

ദുബൈ: അധികൃതരുടെ അനുമതിയില്ലാതെ സമാന്തര പൊതുഗതാഗതം നടത്തിവന്ന 7126 പേരെ ഈ വര്‍ഷം ആദ്യ ആറുമാസത്തിനിടെ പിടികൂടിയതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കള്ള ടാക്സികളെ കണ്ടത്തൊന്‍ ദുബൈ പൊലീസുമായി ചേര്‍ന്ന് നടത്തിയ എട്ടാമത് സാഹിര്‍ കാമ്പയിനിലാണ് ഇത്രയും പേര്‍ പിടിയിലായത്. ആര്‍.ടി.എയില്‍ നിന്ന് ലൈസന്‍സെടുക്കാതെ ആളുകളെ കയറ്റി സര്‍വീസ് നടത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ആര്‍.ടി.എ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി ട്രാന്‍സ്പോര്‍ട്ട് ആക്റ്റിവിറ്റീസ് ആന്‍ഡ് മോണിറ്ററിങ് വിഭാഗം ഡയറക്ടര്‍ അബ്ദുല്ല അല്‍ മഹ്രി പറഞ്ഞു.
പിടിക്കപ്പെട്ടവരില്‍ നിന്ന് വന്‍ തുക പിഴയായി ഈടാക്കി. നിയമലംഘനങ്ങള്‍ കുറക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്്. ട്രാന്‍സ്പോര്‍ട്ട് ആക്റ്റിവിറ്റീസ് ആന്‍ഡ് മോണിറ്ററിങ് വിഭാഗത്തിലെ 68 ജീവനക്കാരും മറ്റ് ഡിപാര്‍ട്മെന്‍റുകളിലെ ഏഴുപേരും പുറത്തുനിന്നുള്ള ഒരാളും പരിശോധനകളില്‍ പങ്കെടുത്തു. 76 ജീവനക്കാരെ അഞ്ച് പേരടങ്ങുന്ന സംഘമായാണ് പരിശോധനകള്‍ക്ക് നിയോഗിച്ചത്. സ്വകാര്യ കാറുകളും വാടകക്കെടുത്ത കാറുകളും കമ്പനികളുടെ കൈവശമുള്ള വാഹനങ്ങളും അനധികൃതമായി ആളുകളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നുണ്ട്. കര്‍ശന പരിശോധനകള്‍ കാരണം പുതുതായി ഈ രംഗത്തത്തെുന്ന ആളുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പിടിക്കപ്പെടുന്നവര്‍ കുറച്ചുനാളത്തെ ഇടവേളക്ക് ശേഷം വീണ്ടും വാഹനവുമായി ഇറങ്ങുകയാണെന്ന് അബ്ദുല്ല അല്‍ മഹ്രി പറഞ്ഞു. അധികൃതരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഉള്‍പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനം. നേരത്തെ ടാക്സി ഡ്രൈവര്‍മാരായിരുന്നവരും ഈ രംഗത്ത് സജീവമാണ്. വിവിധ രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ടൂറിസ്റ്റുകള്‍ എത്തുന്ന സ്ഥലമെന്ന നിലയില്‍ അനധികൃത ടാക്സി സര്‍വീസുകള്‍ ഗുണനിലവാരത്തെ ബാധിക്കുമെന്നും ഒരിക്കലും നിയമലംഘനം അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.    
അധികൃതരില്‍ നിന്ന് അനുമതി വാങ്ങാത്ത എല്ലാത്തരം ടാക്സി സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി അടുത്തിടെ ദുബൈ എക്സിക്യൂട്ടിവ് കൗണ്‍സില്‍ നിയമം പാസാക്കിയിരുന്നു. ഓണ്‍ലൈന്‍, മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി പ്രവര്‍ത്തിക്കുന്ന ടാക്സികള്‍ക്കും നിബന്ധനകള്‍ ബാധകമാണ്. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ ടാക്സി ഓടിക്കുന്നതും കുറ്റകരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.