ബലിപെരുന്നാള്‍: സ്വകാര്യ മേഖലയില്‍  അഞ്ച് ദിവസം അവധി ലഭിച്ചേക്കും

അബൂദബി: ബലിപെരുന്നാളിന് ഇനി ഒരു മാസം തികച്ചില്ലാതിരിക്കെ പ്രവാസികള്‍ യാത്രാപദ്ധതികള്‍ ആലോചിച്ച് തുടങ്ങി. സ്വകാര്യ, പൊതു മേഖലകളില്‍ എത്ര ദിവസം അവധി ലഭിക്കും, അവധി ആരംഭിക്കുന്നതും അവസാനിക്കുന്നതും എന്നായിരിക്കും തുടങ്ങിയ കണക്കുകൂട്ടലുകളൊക്കെ നടത്തിയാണ് യാത്രാ തീയതികള്‍ നിശ്ചയിക്കുന്നത്. 
ചന്ദ്രപ്പിറവി കാണുന്നതിന് അനുസൃതമായി നിശ്ചയിക്കുന്ന ഹിജ്റ കലണ്ടര്‍ മാസം 29 ദിവസമോ 30 ദിവസമോ ആയിരിക്കും. ഇതു പ്രകാരം ദുല്‍ഖഅ്ദ് മാസം 30 ദിവസങ്ങളുണ്ടെങ്കില്‍ അറഫദിനം സെപ്റ്റംബര്‍ 11നും (ഞായറാഴ്ച) ബലിപെരുന്നാള്‍ 12നും (തിങ്കളാഴ്ച) ആയിരിക്കും. യു.എ.ഇയില്‍ സാധാരണ അറഫദിനം മുതലാണ് ബലിപെരുന്നാള്‍ അവധി ആരംഭിക്കുക. അതിനാല്‍ സെപ്റ്റംബര്‍ 11ന് ബലിപെരുന്നാളായാല്‍ ഞായറാഴ്ച മുതല്‍ അവധി തുടങ്ങും. 
ഇതിന് തൊട്ട് മുമ്പുള്ള രണ്ട് ദിവസങ്ങള്‍ വാരാന്ത്യ അവധി ആയതിനാല്‍ സെപ്റ്റംബര്‍ ഒമ്പത് മുതലുള്ള ദിവസങ്ങള്‍ പെരുന്നാള്‍ അവധിക്കൊപ്പം ലഭിക്കും.
സ്വകാര്യ മേഖലയില്‍ സെപ്റ്റംബര്‍ 13 വരെയായിരിക്കും അവധി. അതിനാല്‍ ഒമ്പത് മുതല്‍ 13 വരെയുള്ള അഞ്ച് ദിവസങ്ങള്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്ക് പെരുന്നാള്‍ ആഘോഷത്തിനായി ലഭിക്കും. പൊതുമേഖലയില്‍ സാധാരണ നാല് ദിവസമാണ് ബലിപെരുന്നാള്‍ അവധി നല്‍കുന്നത് എന്നതിനാല്‍ സെപ്റ്റംബര്‍ 14 വരെ അവധി ലഭിക്കും. അതിനാല്‍ പൊതുമേഖലയിലുള്ളവര്‍ക്ക് ആറ് ദിവസം ആഘോഷത്തിന് ലഭിക്കും.
ദുല്‍ഖഅ്ദ് മാസം 29 ദിവസമേയുള്ളൂവെങ്കില്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 12 വരെ നാല് ദിവസവും പൊതുമേഖലയിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 13 വരെ അഞ്ച് ദിവസവുമായിരിക്കും പെരുന്നാളാഘോഷത്തിന് ലഭിക്കുക. ദുല്‍ഖഅ്ദ് മാസം 29 ദിവസമേ ഉണ്ടാകൂവെന്നാണ് ഷാര്‍ജ പ്ളാനറ്റേറിയം അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പൊതുമേഖലയിലുള്ളവര്‍ക്ക് കഴിഞ്ഞ ഈദുല്‍ഫിത്വ്ര്‍ ആഘോഷത്തിന് വാരാന്ത്യ അവധികളടക്കം ഒമ്പത് ദിവസം ലഭിച്ചിരുന്നു.
സെപ്റ്റംബര്‍ ഒന്നിന് യു.എ.ഇയുടെയും സൗദി അറേബ്യയുടെയും മാസപ്പിറവി നിരീക്ഷണ കമ്മിറ്റികള്‍ ചേരുന്ന യോഗത്തില്‍ ഹജ്ജ്, ബലിപെരുന്നാള്‍ തീയതികള്‍ പ്രഖ്യാപിക്കും. ചില ഏഷ്യന്‍ രാജ്യങ്ങളൊഴിച്ച് മിക്ക അറബ്, മുസ്ലിം, പാശ്ചാത്യ രാജ്യങ്ങളും കമ്മിറ്റി പ്രഖ്യാപിക്കുന്ന ദിവസമാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. 

ബലിപെരുന്നാള്‍ സെപ്റ്റംബര്‍ 11ന് -ഷാര്‍ജ പ്ളാനറ്റേറിയം
അബൂദബി: സെപ്റ്റംബര്‍ ഒന്നിന് ദുല്‍ഹജ്ജ് മാസപ്പിറവി കാണുമെന്നും 11ന് ബലിപെരുന്നാള്‍ ആയിരിക്കുമെന്നും ഷാര്‍ജ പ്ളാനറ്റേറിയം അധികൃതര്‍ പ്രവചിച്ചു. സെപ്റ്റംബര്‍ ഒന്നിന് സൂര്യാസ്തമയത്തിന് ശേഷം കുറഞ്ഞത് 20 മിനിറ്റ് ചന്ദ്രന്‍ ചക്രവാളത്തിലുണ്ടാകുമെന്ന് പ്ളാനറ്റേറിയം ഗവേഷകനും ജനറല്‍ സൂപ്പര്‍വൈസറുമായ ഇബ്രാഹിം ആല്‍ ജര്‍വാന്‍ അറിയിച്ചതായി അല്‍ ഇത്തിഹാദ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.