എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ടിന്‍െറ 476 വാഹനങ്ങള്‍ പ്രകൃതി വാതകത്തിലേക്ക് മാറി

ദുബൈ: എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ടിന്‍െറ 476 വാഹനങ്ങള്‍ ഈ വര്‍ഷം ആദ്യ ആറുമാസം പ്രകൃതി വാതകത്തിലേക്ക് മാറിയതായി അധികൃതര്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷണാര്‍ഥമാണ് വാഹനങ്ങള്‍ പ്രകൃതി വാതകം ഇന്ധനമാക്കി തുടങ്ങിയത്. എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ടിന്‍െറ തന്നെ പ്രത്യേക കേന്ദ്രത്തിലാണ് മാറ്റല്‍ പ്രക്രിയ നടത്തിയത്. ഇതുവഴി 34 ലക്ഷം ദിര്‍ഹത്തിന്‍െറ വരുമാനമുണ്ടായതായും കമ്പനി അറിയിച്ചു.
മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് പ്രകൃതിവാതകം സുരക്ഷിതമാണ്. അന്തരീക്ഷ വായുവുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ പ്രകൃതി വാതകം ആവിയായി പോകും. മറ്റ് ഇന്ധനങ്ങള്‍ ദ്രവ രൂപത്തില്‍ തന്നെ കിടക്കും. എല്ലാ ഡീസല്‍ വാഹനങ്ങളും ബസുകളും പ്രകൃതി വാതകത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്. അഡ്നോക് ഡിസ്ട്രിബ്യൂഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. 2021ഓടെ കാര്‍ബണ്‍ മലിനീകരണം പരമാവധി കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍. പ്രകൃതിവാതകത്തില്‍ ഓടുന്ന വാഹനങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് മലിനീകരണം 70 ശതമാനം കുറവ് മാത്രമേ ഉണ്ടാക്കുന്നുള്ളൂ. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ മാത്രമേ വാഹനത്തിന്‍െറ എന്‍ജിന്‍ പ്രകൃതിവാതകത്തിനനുസൃതമാക്കി മാറ്റാന്‍ എടുക്കൂ. പ്രത്യേക സി.എന്‍.ജി കിറ്റ് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഏകദേശം 5500 ദിര്‍ഹമാണ് ചെലവ്. ഡ്രൈവര്‍ക്ക് ആവശ്യാനുസരണം ഇന്ധനം പ്രകൃതിവാതകവും പെട്രോളുമാക്കി മാറ്റാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.