വെല്ലുവിളികളെ ഒരു കുടുംബമായി നിന്ന്  നേരിടും –ശൈഖ് മുഹമ്മദ് ബിന്‍ സായിദ് 

അബൂദബി: വിവിധങ്ങളായ വെല്ലുവിളികളെ നേരിടുന്നതിന് അറബ് രാഷ്ട്രങ്ങള്‍ക്ക് യു.എ.ഇ പിന്തുണ നല്‍കുമെന്നും ഇതിലൂടെ അറബ് മേഖലയുടെ സുരക്ഷിതത്വത്തിനും സ്ഥിരതക്കുള്ള നടപടികള്‍ ശക്തമാക്കുമെന്നും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍. നമ്മള്‍ വളരെയധികം സ്നേഹിക്കുന്ന ഈ രാജ്യത്തിനൊപ്പം ഒരു കുടുംബമായി നിന്ന് വെല്ലുവിളികളെ നേരിടും. ഈ ഒത്തൊരുമയാണ് നമ്മുടെ ശക്തി. യു.എ.ഇ പൗരന്‍മാര്‍ തങ്ങളുടെ കഴിവും ശേഷിയും കാര്യക്ഷമതയും ദേശീയ- സൈനിക- മാനുഷിക പ്രവര്‍ത്തനങ്ങളിലെല്ലാം കാഴ്ചവെച്ചിട്ടുണ്ട്. 
രാജ്യത്തിനകത്തും പുറത്തും പൗരന്‍മാര്‍ കാഴ്ചവെച്ച മികവ് ഓര്‍മിക്കപ്പെടുന്നതിനൊപ്പം അവരുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊള്ളുന്നു. രാജ്യത്തിന് വേണ്ടി ഇവര്‍ കാഴ്ചവെച്ച സേവനവും ത്യാഗവും എന്നും ഓര്‍മിക്കപ്പെടുകയും അറബ് മേഖലയുടെ ചരിത്രത്തില്‍ ഇടം നേടുകയും ചെയ്യുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. അല്‍ഐനിലെ സൈഫ് മുഹമ്മദ് ബിന്‍ അബ്ലാന്‍ അല്‍ മസ്റൂയിയുടെ വസതി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇക്ക് വേണ്ടി രാജ്യത്തിനകത്തും പുറത്തും നടന്ന നിരവധി ദേശീയ സേവനങ്ങളില്‍ പങ്കാളിയായവരും പരിപാടിയില്‍ പങ്കെടുത്തു.   
പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തില്‍ അറബ് മേഖലയുടെ സുരക്ഷിതത്വവും സ്ഥിരതയും നിലനിര്‍ത്തുന്നതിന് സഹോദര രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.  സഹകരണവും ഉദ്ഗ്രഥനവുമാണ് വെല്ലുവിളികളെ മറികടക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം. സംഘര്‍ഷം, ഭീകരവാദം, ആഭ്യന്തര കാര്യങ്ങളില്‍ വൈദേശിക ശക്തികളുടെ ഇടപെടല്‍ എന്നിവ ഇല്ലാതാക്കാന്‍ യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.