സിവില്‍ ഡിഫന്‍സിന്‍െറ ബോധവത്കരണം:  ഗുണം ലഭിച്ചത് മൂന്ന് ലക്ഷത്തിലധികം കുട്ടികള്‍ക്ക് 

അബൂദബി: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്‍െറ നേതൃത്വത്തില്‍ നടത്തിയ സുരക്ഷ, മുന്‍കരുതല്‍ ബോധവത്കരണ പരിപാടിയുടെ പ്രയോജനം ലഭിച്ചത് മൂന്ന് ലക്ഷത്തിലധികം കുട്ടികള്‍ക്ക്. 
ഖലീഫ വിദ്യാര്‍ഥി ശാക്തീകരണ പദ്ധതി ‘അഖ്ദാര്‍’ വഴിയാണ് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലെ 3,08,000 കുട്ടികള്‍ക്ക് ബോധവത്കരണം നടത്തിയത്. 2014- 15 അക്കാദമിക് വര്‍ഷത്തിലാണ് ഇത്രയും കുട്ടികളെ ബോധവത്കരിച്ചത്. 570 സര്‍ക്കാര്‍- സ്വകാര്യ വിദ്യാലയങ്ങളിലായി ബോധവത്കരണ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍, വരകള്‍, പ്രായോഗിക നടപടികള്‍, വിവിധ തരം അഗ്നി ശമന ഉപകരണങ്ങള്‍, വാഹനങ്ങളുടെ സുരക്ഷാ മാര്‍ഗങ്ങള്‍, കെട്ടിടങ്ങളിലെ സുരക്ഷ, വിവിധ തരം ഒഴിപ്പിക്കല്‍ നടപടികള്‍, ഫയര്‍ അലാറം കേട്ടാല്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചാണ് വിദ്യാര്‍ഥികളെ ബോധവാന്‍മാരാക്കിയത്. അപകടങ്ങള്‍ 999, 997 നമ്പറുകളിലേക്ക് അറിയിക്കേണ്ട രീതിയും കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുത്തു.  
വീട്, സ്കൂള്‍, റോഡ് എന്നിവിടങ്ങളിലെല്ലാം സ്വീകരിക്കേണ്ട മാതൃകാപരമായ സ്വഭാവ രീതികളും അടിയന്തര സാഹചര്യങ്ങളിലും ദുരന്ത വേളകളിലും സ്വീകരിക്കേണ്ട സമീപനങ്ങളും സംബന്ധിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യമാക്കിയതെന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ കമ്മാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ജാസിം മുഹമ്മദ് അല്‍ മര്‍സൂഖി പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.