ജീവിത വിജയങ്ങളുടെ ഉള്ളറകള്‍ തുറന്ന് ഡോ. സംഗീത് ഇബ്രാഹിമും കുടുംബവും

ദുബൈ: കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും പരാജിതരെന്ന് മുദ്രകുത്തപ്പെടുന്ന കുട്ടികള്‍ക്ക്  ഉന്നതികള്‍ താണ്ടാനുമുള്ള  പൊടിക്കൈകള്‍ സദസ്സിനു മുന്നില്‍ ലളിതമായി അവതരിപ്പിച്ചാണ് ഇന്നലെ എജുകഫെ വേദിയില്‍ ഡോ. സംഗീത് ഇബ്രാഹിമും കുടുംബവും  കൈയ്യടി വാങ്ങിയത് . 
ഏതു സാഹചരങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്കും മിടുക്കരായി ഉന്നത വിജയങ്ങള്‍ എങ്ങിനെ നേടിയെടുക്കാം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയാണ്    ഡോ.സംഗീത് ഇബ്രാഹിമും ഭാര്യ ഡോ. ഭാര്യ ഡോ. സുനൈന ഇഖ്ബാലും മക്കളായ അമാന്‍ ഇഖ്ബാല്‍ ഇബ്രാഹീമും ജഹാന്‍ ഇബ്രാഹീമും  സദസ്സുമായി പങ്കുവെച്ചത്.

വിശിഷ്ട കുടുംബങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം പുരസ്കാരം നേടിയ മലയാളി വിനോദ് കുമാര്‍ പാലയില്‍ ഭാസ്കരന്‍ പിള്ളയെയൂം കുടുംബത്തെയും ആദരിക്കുന്ന ചടങ്ങില്‍ മാധ്യമം ജനറല്‍ മാനേജര്‍ സിറാജ് അലി പ്രശംസാ ഫലകം നല്‍കുന്നു.
 


വിദ്യാഭ്യാസരംഗത്തെ സേവനങ്ങളെയും നേട്ടങ്ങളെയും മുന്‍നിര്‍ത്തിയുള്ള ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് പുരസ്കാരസമിതിയുടെ  ഈവര്‍ഷത്തെ വിശിഷ്ടകുടുംബം എന്ന ബഹുമതിക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഈ കുടുംബം മൂത്തമകനും ഷാര്‍ജ ഒൗര്‍ ഓണ്‍ ഇംഗ്ളീഷ് ബോയ്സ് ഹൈസ്കൂള്‍ പത്താം  ക്ളാസ് വിദ്യാര്‍ഥിയുമായ അമാനും ഷാര്‍ജ ഒൗര്‍ ഓണ്‍ ഇംഗ്ളീഷ് ഗേള്‍സ് സ്കൂളില്‍ മൂന്നാം ക്ളാസ്  വിദ്യാര്‍ഥിനിയായ ജഹാന്‍ ഇബ്രാഹിമുമാണ് പ്രചോദനാത്മക ശില്പശാലക്ക് തുടക്കംക്കുറിച്ച് സദസ്സിനെ ആദ്യം അഭിമുഖീകരിച്ചത്. ഏതൊരു വിജയത്തിനു പുറകിലും വലിയൊരു പരിശ്രമമുണ്ടെന്നാണ് രക്ഷിതാക്കളുടെ പല വിജയങ്ങളില്‍ നിന്നും തങ്ങള്‍ പഠിച്ച പാഠമെന്ന് സമര്‍ഥിച്ചു ഇവര്‍.    

ഡോ.സംഗീത് ഇബ്രാഹിമും കുടുംബവും എജുകഫെ വേദിയില്‍
 


അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരമ്പരാഗത മാനോഭാവങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുക വഴി ഏതൊരു വിദ്യാര്‍ഥിയെയും നിഷ്പ്രയാസം  ഉന്നതികളില്‍ എത്തിക്കാന്‍ കഴിയുമെന്ന്  സംഗീതും സുനൈനയും ഉദാഹരണ സഹിതം വിശദീകരിച്ചു. "സക്സസ് പില്‍സ്" എന്ന തലകെട്ടില്‍ പാരാജിതരെന്ന് ധരിക്കുന്നവരുടെ വിജയത്തിനാധാരമാവുന്ന   മൂന്ന് പ്രധാന കാര്യങ്ങളാണ് ഇവര്‍ മുന്നോട്ടുവെച്ചത്.  കുട്ടികള്‍ പഠനത്തിലും മറ്റു കഴിവുകളിലും പിന്തള്ളപ്പെടുമ്പോള്‍ ജനിതക പാരമ്പര്യങ്ങളായാണ് പലപ്പോഴും കാരണങ്ങളായി ചൂണ്ടി കാണിക്കാറ്. എന്നാല്‍ ഈ ധാരണ തീര്‍ത്തും തെറ്റാണ്. ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ ജനിതകമായി കുട്ടികളില്‍ കാണാമെങ്കിലും കഴിവുകള്‍ ജനിതകമല്ളെന്ന് തെളിയിക്കപ്പെട്ടതാണ്.  താഴെക്കിടയിലുള്ള ഒരാളുടെ  മകനും ആ വഴിക്കേ പോകൂവെന്ന ധാരണ ആദ്യം മാറ്റണം.  മൂന്നു വയസ്സുവരെയുള്ള ചില ജീവിത സാഹചര്യങ്ങളാണ് മുതിര്‍ന്ന കുട്ടികളായാലും പഠനത്തിലും മറ്റും പിന്നിലാക്കുന്നതെന്നാണ് രണ്ടാമതായി രക്ഷിതാക്കള്‍ കണ്ടത്തെുന്ന കാരണം. 

എന്നാല്‍ കുട്ടികളുടെ പഠന സാഹചര്യങ്ങളോ ജീവിത സാഹചര്യങ്ങളോ മാറ്റിയത് വഴി കുട്ടികള്‍ മിടുക്കരായി മാറിയ നിരവധി ഉദാഹരണം അവര്‍ ചൂണ്ടിക്കാട്ടി. തന്‍െറ കുട്ടിക്ക് അത് ചെയ്യാന്‍ പറ്റില്ല എന്ന മുന്‍വിധിയാണ് മൂന്നാമത്തെ തെറ്റായ ചിന്താരീതി. രക്ഷിതാക്കള്‍ വഴിയെ കുട്ടികളും അറിയാതെ ഈ ചിന്തക്ക് വഴിപ്പെടുന്നതാണ് കണ്ടു വരുന്നത് . പരിശ്രമങ്ങള്‍ ഉണ്ടെങ്കിലെ വിജയമുള്ളൂവെന്ന ധാരണ രക്ഷിതാക്കള്‍ കുട്ടികളെ ധരിപ്പിക്കണം. ഏറെ പ്രതിസന്ധികളില്‍ നിന്നും അതിജീവിച്ച് ഉന്നതികള്‍ കീഴടക്കിയവരെ പ്രചോദനമാക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം. ഇങ്ങിനെ മനോഭാവങ്ങളിലെ നിസാര മാറ്റങ്ങളിലൂടെ ഏതു കുട്ടിക്കും ഉന്നത വിജയം നേടാനാകുമെന്ന് ഇവര്‍ പറഞ്ഞു.ഒരു മണിക്കൂറോളം നീണ്ട സെഷന്‍ സദസ്സിന് അറിവിനൊപ്പം ആവേശവും കൗതുകവും പകര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.