‘നയതന്ത്ര കാര്യാലയങ്ങള്‍ക്ക് പെരുന്നാള്‍ അവധി നല്‍കാതിരുന്നത് അപലപനീയം’

ദുബൈ: യു.എ.ഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് ബലിപെരുന്നാള്‍ അവധി നല്‍കാതിരുന്നത് അപലപനീയമാണെന്ന് പി.വി. അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ രേഖാമൂലം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതേതര രാഷ്ട്രമായ ഇന്ത്യയുടെ ഇത്തരം പൊതു ആഘോഷ ദിനങ്ങള്‍ക്ക് പൊതുവെ അവധി നല്‍കിയതായാണ് നാലര പതിറ്റാണ്ടിനിടക്കുള്ള തന്‍െറ അനുഭവം. ഇപ്പോള്‍ സംഭവിച്ചതെന്തായാലും ആശാസ്യമല്ല. സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് ബലിപെരുന്നാളിന് അവധി നല്‍കിയിരുന്നുവെന്നത് കണക്കിലെടുക്കുമ്പോള്‍ ഇക്കാര്യത്തിലൊരു ദുരൂഹതയില്ളേയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. സാധാരണ പ്രവൃത്തി ദിനങ്ങളിലാണ് ഇത്തരം ആഘോഷ ദിനങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ ഗള്‍ഫില്‍ ഇക്കാലം വരെ അവധി നല്‍കിയതായാണറിവ്. ബലിപെരുന്നാളിന് അവധി നല്‍കാതിരിക്കാന്‍ എന്താണ് കാരണമെന്നറിയില്ല. ബലിപെരുന്നാളിന് അവധി നല്‍കുന്നത് ന്യൂനതയായല്ല, ബഹുമാനമായാണ് കാണേണ്ടത്. ഇത് ആരുടെയും ഒൗദാര്യവുമല്ല. ഇന്ത്യന്‍ ഭരണഘടന മതേതര മൂല്യങ്ങള്‍ക്ക് പരമമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. സ്വന്തം മതത്തിലും ആശയത്തിലും വിശ്വസിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുകയെന്നത് ഇന്ത്യക്കാരുടെ സംസ്കാരമാണ്. 
അതുകൊണ്ട്, ഇന്ത്യയിലെ മത വിശ്വാസികളായ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ആഘോഷങ്ങള്‍ക്ക് അവസരവും അവയോട് ബഹുമാനവും കല്‍പ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ യു.എ.ഇ സന്ദര്‍ശിച്ചത് എല്ലാ ഇന്ത്യക്കാര്‍ക്കും സന്തോഷം പകര്‍ന്നിരുന്നു. അബൂദബിയില്‍ ക്ഷേത്രത്തിന് അനുമതി നല്‍കിയത് ഇന്ത്യക്കാര്‍ക്ക് ആഹ്ളാദമുണ്ടാക്കിയിരുന്നു. 
ഒരു അറബ് രാജ്യം ഇത്തരമൊരു സഹിഷ്ണുതാ നിലപാട് സ്വീകരിച്ചത് ഏറെ വിലമതിക്കേണ്ട ഒന്നാണ്. 
ഈയിടെയായി പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ആള്‍ക്കാര്‍ ചില കാര്യങ്ങളില്‍ ഇടപെടുന്നുണ്ടോയെന്ന് സംശയം തോന്നുകയാണ്. ഇ. അഹമ്മദ് വിദേശ കാര്യ സഹ മന്ത്രിയായിരുന്നപ്പോള്‍ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് രാഷ്ട്രീയം നോക്കിയായിരുന്നില്ല. രാഷ്ട്രത്തിന്‍െറ ഭാവിയും ക്ഷേമവും മൂല്യങ്ങളും കണക്കിലെടുത്തായിരുന്നു. ഇപ്പോള്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.