കരിപ്പൂര്‍ റണ്‍വേ വികസനം: സ്ഥലം നല്‍കുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം –പി.വി. അബ്ദുല്‍ വഹാബ് എം.പി

ദുബൈ: സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കി വേണം കരിപ്പൂര്‍ വിമാനത്താവള വികസനം പൂര്‍ത്തീകരിക്കേണ്ടതെന്ന് പി.വി. അബ്ദുല്‍ വഹാബ് എം.പി അഭിപ്രായപ്പെട്ടു. ഭൂമിക്ക് ന്യായവില നല്‍കുന്നതിനൊപ്പം അവരെ പുനരധിവസിപ്പിക്കുകയും കഴിയാവുന്ന വിധത്തില്‍ ജോലി നല്‍കുകയും വേണം. എത്രയും വേഗം വിമാനത്താവള വികസനം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്‍ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കരിപ്പൂര്‍ വിമാനത്താവളത്തോട് മലബാറുകാര്‍ക്ക് വൈകാരിക അടുപ്പമാണുള്ളത്. മലബാറിന്‍െറ വികസനത്തില്‍ വിമാനത്താവളം വഹിച്ച പങ്ക് വളരെ വലുതാണ്്. എന്നാല്‍ വിമാനത്താവളത്തിന്‍െറ പ്രാധാന്യവും പ്രസക്തിയും ഡല്‍ഹിയിലുള്ളവര്‍ക്കും മാറിമാറി വരുന്ന ഉദ്യോഗസ്ഥര്‍ക്കും മനസ്സിലാകുന്നില്ല. ഈ വിമാനത്താവളവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ പലരും പലപ്പോഴും ശ്രമിക്കുന്നു. കള്ളക്കടത്ത് നടന്നത് കരിപ്പൂരിലാണെങ്കില്‍ അതിന് പ്രത്യേക മാനം കൈവരുന്നു. സ്ത്രീകള്‍ റാക്കറ്റിലകപ്പെട്ടാല്‍, അവര്‍ ഈ വിമാനത്താവളം വഴിയാണ് യാത്ര ചെയ്തതെങ്കില്‍ മനുഷ്യക്കടത്തെന്ന രീതിയില്‍ വലിയ വാര്‍ത്തയാകുന്നു. 
വിമാനത്താവളവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പലരും പങ്കുവെക്കുന്നു. എന്നാല്‍ പുറത്തുവരുന്ന പല കാര്യങ്ങളും അര്‍ധ സത്യങ്ങളാണ്. റണ്‍വേ നവീകരണം സമയമെടുത്ത് നിര്‍വഹിക്കേണ്ടതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവങ്ങളുണ്ടെങ്കിലും പലരും പറയുന്നത് പോലെ അതത്ര ലളിതമല്ല. അവിടെ ഒരു റണ്‍വേ മാത്രമേയുള്ളൂ. ദിവസം എട്ടു മണിക്കൂര്‍ മാത്രം റണ്‍വേ അടച്ചിട്ട് റീകാര്‍പെറ്റിങ് ചെയ്യല്‍ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. എങ്കിലും പരിമിതികള്‍ മറികടന്ന് സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെക്കാതെ പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 
വിമാനത്താവള റണ്‍വേ 12,000 അടിയാക്കി വികസിപ്പിക്കണം. ഇതിനായി ഭൂമി ഏറ്റെടുത്ത് കൈമാറേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതിനാലാണ് ജനങ്ങളില്‍ നിന്ന് എതിര്‍പ്പുയരുന്നത്. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇ. അഹമ്മദും പി.കെ കുഞ്ഞാലിക്കുട്ടിയും മറ്റു നേതാക്കളും താനുമെല്ലാം ഇടപെടല്‍ നടത്തിയിട്ടുണ്ട്. വിമാനത്താവളത്തിന് ക്ഷീണമുണ്ടാകുന്നുവെന്ന് തോന്നിയ സന്ദര്‍ഭങ്ങളിലെല്ലാം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിച്ചിട്ടുണ്ട്. പ്രതിഷേധ ധര്‍ണയിലും മറ്റും നാമത് കണ്ടതാണ്. 
ഈ സഹകരണ മനോഭാവം തുടര്‍ന്നും നിലനില്‍ക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു. യു.എ.ഇ കെ.എം.സി.സി ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ, ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവരും സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.