കുട്ടികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കല്‍: അറബ് റീഡിങ് ചലഞ്ചിന് തുടക്കം

ദുബൈ: അറബ് ലോകത്തെ കുട്ടികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അറബ് റീഡിങ് ചലഞ്ചിന് തുടക്കമായി. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 10 ലക്ഷത്തോളം അറബ് വിദ്യാര്‍ഥികള്‍ക്ക് ഓരോ അധ്യയന വര്‍ഷവും 50 ദശലക്ഷം പുസ്തകങ്ങള്‍ വായിക്കാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതി. പാഠ്യപദ്ധതിക്ക് പുറമെയുള്ള പുസ്തകങ്ങളാണ് വായനക്കായി നല്‍കുക. മികച്ച വായനക്കാര്‍ക്കായി മൊത്തം 11 ദശലക്ഷം ദിര്‍ഹമിന്‍െറ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കുട്ടികള്‍ക്കിടയില്‍ വായന ഒരു ശീലമാക്കി വളര്‍ത്തിയെടുക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിനായി അധ്യയന വര്‍ഷത്തിലുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പദ്ധതിയില്‍ പങ്കെടുക്കുന്ന സ്കൂളുകള്‍, വിദ്യാര്‍ഥികള്‍, കുടുംബങ്ങള്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. നിരവധി ഘട്ടങ്ങളുള്ള മൂല്യനിര്‍ണ പ്രക്രിയയിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുക. സ്കൂള്‍, എജുക്കേഷന്‍ സോണ്‍, ദേശീയ, അറബ് ലോക തലങ്ങളില്‍ വിലയിരുത്തല്‍ നടക്കും. വായന കുറവായതിന്‍െറ പ്രത്യാഘാതങ്ങള്‍ അറബ് ലോകം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന് പ്രതിവിധിയായാണ് പദ്ധതി ആവിഷ്കരിച്ചതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ദീര്‍ഘകാല ലക്ഷ്യം മുന്നില്‍കണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വായനയിലൂടെ മനസ്സിന്‍െറ വാതായനങ്ങള്‍ തുറക്കും. വിജ്ഞാന തൃഷ്ണ വര്‍ധിക്കാന്‍ ഇത് ഇടയാക്കും. കാഴ്ചപ്പാടുകള്‍ക്ക് വിശാലത കൈവരും. ഒരുകുട്ടി ഒരു പുസ്തകം വായിക്കുന്നതിലൂടെ ശോഭനമായ ഭാവിയിലേക്കുള്ള വാതില്‍ തുറക്കുകയാണ്. നിരവധി പദ്ധതികളുടെ ആദ്യഘട്ടമാണിത്. പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കാനുള്ള പരിശ്രമമാണ് ഇതിലൂടെ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ സ്കൂള്‍ ഓഫ് റിസര്‍ച്ച് സയന്‍സായിരിക്കും പദ്ധതിയുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുക. പദ്ധതി ഉദ്ഘാടനത്തിന്‍െറ ഭാഗമായി വിദ്യാര്‍ഥി സംഘത്തിന് മുന്നില്‍ ശൈഖ് മുഹമ്മദ് പുസ്തകത്തിന്‍െറ ആദ്യ പേജ് വായിച്ചു. താന്‍ രചിച്ച ‘രണ്ട് ചരിത്ര പുരുഷന്മാര്‍’ എന്ന പുസ്തകവും അദ്ദേഹം വിദ്യാര്‍ഥികള്‍ക്കായി വായിച്ചു. രാഷ്ട്ര നിര്‍മാണത്തില്‍ മഹത്തായ പങ്ക് വഹിച്ച ശൈഖ് സായിദ്, ശൈഖ് റാശിദ് എന്നിവരെക്കുറിച്ചുള്ള പുസ്തകമാണിത്. വായന പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി 2021 യു.എ.ഇ ദേശീയ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിലുള്ള കണക്കെടുക്കുമ്പോള്‍ യു.എ.ഇയിലെ വിദ്യാര്‍ഥികള്‍ വായനയില്‍ പുറകോട്ടാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അറബ് വിദ്യാര്‍ഥിയുടെ ഒരുവര്‍ഷത്തെ ശരാശരി വായനാസമയം ആറുമിനുട്ടാണ്. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ ഇത് 12,000 മിനുട്ടാണെന്ന് അറബ് തോട്ട് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. അമേരിക്കയില്‍ ഒരു വിദ്യാര്‍ഥി വര്‍ഷത്തില്‍ 11 പുസ്തകങ്ങളും ബ്രിട്ടനില്‍ ഏഴ് പുസ്തകങ്ങളും വായിക്കുമ്പോള്‍ അറബ് ലോകത്ത് ഒരു പേജിന്‍െറ നാലിലൊന്ന് മാത്രമാണെന്നും പഠനം സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.