അബൂദബി: തലസ്ഥാന എമിറേറ്റില്‍ നടക്കുന്ന വാഹനാപകടങ്ങളില്‍ ബഹുഭൂരിഭാഗവും സംഭവിക്കുന്നത് വാഹനം പെട്ടെന്ന് വെട്ടിത്തിരിക്കുന്നതും നിശ്ചിത അകലം പാലിക്കാത്തതും റോഡിന്‍െറ സാഹചര്യം കണക്കിലെടുക്കാതെ വേഗത കൈക്കൊള്ളുന്നതും ചുവപ്പ് സിഗ്നല്‍ ലംഘനവും മൂലമാണെന്ന് പൊലീസ്. വാഹനാപകടങ്ങളില്‍ ബഹുഭൂരിഭാഗത്തിനും കാരണക്കാരാകുന്നത് യുവാക്കളാണ്.
അബൂദബി പൊലീസിന്‍െറ ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റ് പുറത്തുവിട്ട 2015ലെ ആദ്യ ഒമ്പത് മാസത്തെ കണക്കുകള്‍ പ്രകാരം മൊത്തം അപകടങ്ങളില്‍ 63 ശതമാനത്തിനും കാരണക്കാരായത് 18 മുതല്‍ 35 വയസ്സ് വരെ പ്രായപരിധിയിലുള്ളവരാണ്. മൊത്തം അപകട മരണങ്ങളില്‍ 34 ശതമാനവും ഈ പ്രായപരിധിയില്‍ ഉള്‍പ്പെട്ടവരാണെന്നും ട്രാഫിക് ആന്‍റ് പട്രോള്‍ ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖമീസ് ഇഷാഖ് മുഹമ്മദ് പറഞ്ഞു. അബൂദബിയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയവരില്‍ ബഹുഭൂരിഭാഗവും യുവാക്കളാണ്. മൊത്തം ഡ്രൈവിങ് ലൈസന്‍സുകളുടെ 53.6 ശതമാനവും 18- 30 പ്രായപരിധിയില്‍ ഉള്‍പ്പെട്ടവരുടെ കൈവശമാണുള്ളത്.
അപകടങ്ങള്‍ കുറക്കുന്നതിനായി യുവാക്കള്‍ക്കിടയില്‍ ബോധവത്കരണം ശക്തമാക്കിയിട്ടുണ്ടെന്ന് ബ്രിഗേഡിയര്‍ ഖമീസ് ഇഷാഖ് മുഹമ്മദ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍, സര്‍വകലാശാലകളിലെ പ്രഭാഷണങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രദര്‍ശന വേദികള്‍ എന്നിവയിലൂടെയെല്ലാം ബോധവത്കരണം നടത്തുന്നുണ്ട്. യുവാക്കള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും അപകടകരമായി വാഹനം ഓടിക്കുന്നില്ളെന്നും മാതാപിതാക്കള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.