ഗിന്നസ് റെക്കോഡ് ലക്ഷ്യവുമായി പ്രവാസി എഴുത്തുകാരന്‍

അല്‍ഐന്‍: ഒരുഭാഷയില്‍ ഒരാളുടെ 17 കൃതികള്‍ ഒരുദിവസം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോഡ് നേടുകയെന്ന ലക്ഷ്യവുമായി പ്രവാസി എഴുത്തുകാരന്‍. അല്‍ഐനില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശി ശരവണ്‍ മഹേശ്വറാണ് റെക്കോഡിനൊരുങ്ങുന്നത്. 2014 അവസാനത്തില്‍ തുടക്കം കുറിച്ച രചന അവസാനഘട്ടത്തിലേക്ക് കടന്നതായി ശരവണ്‍ പറഞ്ഞു. 
26വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ 50ഓളം കൃതികള്‍ ഇദ്ദേഹത്തിന്‍േറതായി പുറത്തുവന്നിട്ടുണ്ട്. മനസ്സിന്‍െറ വേദനയായോ ഉള്ളില്‍നിന്ന് പൊട്ടിമുളക്കുന്ന തോന്നലായോ ഒക്കെയാണ് എഴുത്ത് തനിക്ക് അനുഭവപ്പെടുന്നതെന്ന് ശരവണ്‍ മഹേശ്വര്‍ പറയുന്നു. 660ഓളം ചെറുതും വലുതുമായ കവിതകള്‍ ഉള്‍പ്പെടുത്തിയ 16കവിതാ സമാഹരങ്ങള്‍, 12 നോവലുകള്‍, മൂന്ന് ചെറുകഥാ സമാഹാരങ്ങള്‍, ഒമ്പത് ചലച്ചിത്ര തിരക്കഥകള്‍, മൂന്ന് സിനിമാ അനുഭവങ്ങള്‍, കത്തുകളുടെ സമാഹാരം എന്നിവ ഇത്രയും കാലത്തിനിടക്ക് പൂര്‍ത്തിയാക്കിയിട്ടുണ്ട്. എങ്കിലും അംഗീകാരങ്ങള്‍ അധികമൊന്നും തേടിവന്നിട്ടില്ളെന്ന നിരാശ ഇദ്ദേഹത്തെ ബാധിച്ചിട്ടില്ല.
ആദ്യ കൃതിയായ ‘അപ്പു ഏട്ടനോട്’ (1985) എന്ന 50കവിതകള്‍ അടങ്ങിയ കവിതാ സമാഹാരത്തിന് ജ്ഞാനപീഠ ജേതാവ് തകഴി ശിവശങ്കര പിള്ളയാണ് സ്വന്തം കൈപ്പടയില്‍ അവതാരിക എഴുതിയത്. 
കൂടാതെ പ്രശസ്ത നിരൂപകനും ഗ്രന്ഥകര്‍ത്താവുമായ ഡോ. പി.വി. വേലായുധന്‍ പിള്ള, നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍, പത്മവിഭൂഷണ്‍ ഡോ. ജി. രാമചന്ദ്രന്‍, പത്മശ്രീ ഡോ. ശൂരനാട്ട് കുഞ്ഞന്‍പിള്ള, പ്രഫസര്‍ നബീസ ഉമ്മാള്‍ എന്നിവര്‍ വിവിധ കൃതികള്‍ക്ക് അവതാരിക എഴുതിയിട്ടുണ്ട്. 
അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ അതില്‍നിന്ന് നല്ലവ ഉള്‍ക്കൊള്ളുന്നവര്‍ക്ക് ജീവിത കാഴ്ചപ്പാടിനെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു. അക്ഷരങ്ങള്‍ അനശ്വരമാണ്. അക്ഷരങ്ങളാല്‍ നെയ്തെടുത്ത സൃഷ്ടികളായ വേദപുസ്തകങ്ങള്‍ അതുകൊണ്ടാണ് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തനിമയോടെ നിലനില്‍ക്കുന്നതെന്ന് ശരവണ്‍ അഭിപ്രായപ്പെട്ടു. 
നിരവധി വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഇദ്ദേഹത്തിന്‍െറ 1987ലെ റഷ്യന്‍ യാത്രയുടെ ഓര്‍മയാണ് ‘റഷ്യയിലെ മഞ്ഞുതുള്ളികള്‍’ എന്ന യാത്രാവിവരണം. എം.ടിയുടെ ‘ഋതുഭേദം’ എന്ന സിനിമയില്‍ ചെറിയ വേഷത്തിലും ചില ടെലിഫിലിമുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1984ല്‍ കേരള സര്‍ക്കാര്‍ പബ്ളിക് റിലേഷന്‍ വകുപ്പിന് വേണ്ടി ചിത്രീകരിച്ച ‘ഒരു രക്തസാക്ഷികൂടി’ എന്ന സ്്രതീധനത്തിനെതിരായ ഡോക്യുമെന്‍ററിയില്‍ മുഖ്യ വേഷമിട്ടു. 
മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് റൊണാള്‍ഡ് റീഗന്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍, മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയിസ് മിത്തരന്‍റ് എന്നിവര്‍ അയച്ച അഭിനന്ദന കത്തുകള്‍ ഇദ്ദേഹം ഇപ്പോഴും നിഥി പോലെ സൂക്ഷിക്കുന്നു. പാര്‍വതിയാണ് ശരവണിന്‍െറ ഭാര്യ. മകന്‍: വിശാഖ് മഹേശ്വര്‍. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.