ഷാര്‍ജ ജുബൈല്‍ പഴം-പച്ചക്കറി-മത്സ്യ ചന്ത അടച്ചു

ഷാര്‍ജ: അല്‍ ജുബൈലില്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ പഴം-പച്ചക്കറി-മത്സ്യ ചന്തകള്‍ക്ക് അധികൃതര്‍ താഴിട്ടു. ചന്ത ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങും എന്നാണ് അറിയുന്നത്. പുതിയ മാര്‍ക്കറ്റില്‍ സ്ഥാപനങ്ങള്‍ കരസ്ഥമാക്കിയ പഴയ ചന്തയിലെ  കച്ചവടക്കാരോട് തിങ്കളാഴ്ച്ച പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.അതോടെ 35 വര്‍ഷം പഴക്കമുള്ള ചന്ത ഓര്‍മയാകും. 
എന്നാല്‍ അല്‍ ജുബൈലിലെ പഴയ മത്സ്യ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്കും മീന്‍ മുറിക്കുന്നവര്‍ക്കും പുതിയ ചന്തയില്‍ സ്ഥാപനങ്ങള്‍ അനുവദിച്ചിട്ടില്ല. പുതിയ മാര്‍ക്കറ്റിന്‍െറ കീഴിലായിരിക്കും മത്സ്യ മാര്‍ക്കറ്റും മീന്‍ മുറിക്കല്‍ സ്ഥാപനങ്ങളും ഇനി മുതല്‍ പ്രവര്‍ത്തിക്കുക. നേപ്പാള്‍ മുതലായ രാജ്യങ്ങളില്‍ നിന്നാണ് ഇവിടേക്ക് തൊഴിലാളികളെ എത്തിച്ചിട്ടുള്ളത്. മത്സ്യ ചന്തയില്‍ ഉപജീവനം കണ്ടത്തെിയിരുന്ന നൂറുകണക്കിന് മലയാളികളും മറ്റുമാണ് ഇതുവഴി പ്രതിസന്ധിയിലായിരിക്കുന്നത്. എവിടേക്ക് പോകുമെന്നറിയാതെ പകച്ച് നില്‍ക്കുകയാണിവര്‍.  ഇത്രപ്പെട്ടെന്ന് ചന്ത ഒഴിയാന്‍ അധികൃതര്‍ പറയുമെന്ന് ഇവര്‍ കരുതിയിരുന്നില്ല. ഞായറാഴ്ച്ച രാവിലെ മത്സ്യ ചന്ത സജീവമായിരുന്നെങ്കിലും വൈകിട്ട് ചന്തയില്‍ മൂകമായി. ആവശ്യക്കാരും കുറവായിരുന്നു. ബാക്കിയുള്ള മീന്‍ കിട്ടിയ പൈസക്ക് വിറ്റൊഴിവാക്കുന്നതും കാണാനായി. 
ആധുനിക സംവിധാനങ്ങളാണ് പുതിയ ചന്തയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സെന്‍ട്രല്‍ എ.സിയും നിരീക്ഷണ കാമറകളും അലങ്കാരങ്ങളും കാവല്‍ക്കാരും പുതിയ ചന്തയുടെ അഴക് കൂട്ടുന്നു. പഴയ പഴം-പച്ചക്കറി-ഇറച്ചി ചന്തയിലെ കച്ചവടക്കാരില്‍ ഭൂരിഭാഗവും ഇവിടെ സ്ഥാപനങ്ങള്‍ എടുത്തിട്ടുണ്ട്. വില്‍ക്കാനുള്ള സാധനങ്ങളുമായി പോകേണ്ട കാര്യമെ ഇവര്‍ക്കുള്ളു. പച്ചക്കറി നിരത്താനുള്ള ഇറ്റാലിയന്‍ നിര്‍മ്മിത സ്റ്റീല്‍ തട്ടുകള്‍, ഫ്രീസര്‍, വലിയ ഡിജിറ്റല്‍ തുലാസുകള്‍, ഡിജിറ്റല്‍ കാഷ് മെഷിന്‍, ക്രഡിറ്റ്-ഡെവിറ്റ് കാര്‍ഡുകളില്‍ നിന്ന് പണം വസൂലാക്കുന്ന മെഷീന്‍ എന്നിവയെല്ലാം മാര്‍ക്കറ്റില്‍ അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്. പോരാത്തതിന് കച്ചവടക്കാര്‍ക്ക് വെള്ളവും വൈദ്യുതിയും സൗജന്യമാണ്. പഴയ മാര്‍ക്കറ്റിലെ ചെറിയ സൗകര്യത്തിന് 20,000 ദിര്‍ഹമായിരുന്നു വാടക. എന്നാല്‍ പുതിയ ചന്തയില്‍ 40,000 മുതല്‍ 60,000 വരെയാണ് വാടക. ഇത് വളരെ കൂടുതലാണെന്ന് പറയുന്നവരും ലഭ്യമായ സൗകര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ അത്ര കൂടുതലല്ല എന്ന് പറയുന്നവരേയും പഴയ ചന്തയില്‍ കണ്ടു. 
60,000 വാടകയുള്ള സ്ഥാപനത്തിന് മേല്‍പ്പറഞ്ഞ സൗകര്യങ്ങള്‍ക്ക് പുറമെ, സ്റ്റോര്‍ റൂമും അനുവദിച്ചിട്ടുണ്ട്. ശൂചികരണത്തിന് ആധുനിക സംവിധാനങ്ങളാണത്തെിയിരിക്കുന്നത്. പഴയ മാര്‍ക്കറ്റിലെ ദുര്‍ഗന്ധം പുതിയ മാര്‍ക്കറ്റിന് അന്യമാകും. വ്യാപാര ആവശ്യത്തിനുള്ള 403 മുറികളാണ് പുതിയ ചന്തയില്‍ ഉള്ളത്. ഇതില്‍ 162 എണ്ണം മത്സ്യ വില്‍പ്പനക്കും 123 എണ്ണം ഇറച്ചിക്കും 118 എണ്ണം പഴം-പച്ചക്കറി വില്‍പ്പനക്കുമാണ് സജീകരിച്ചിരിക്കുന്നത്. മുകള്‍ നിലയിലാണ് ആപ്പീസുകള്‍ പ്രവര്‍ത്തിക്കുക.
 രാവിലെ എട്ട് മുതല്‍ രാത്രി 10 വരെയായിരിക്കും പ്രവര്‍ത്തന സമയം. മറ്റ് സമയങ്ങള്‍ ശുചികരണത്തിനും സാധനങ്ങള്‍ ക്രമികരിക്കുന്നതിനുമായിട്ടാണ് ഉപയോഗപ്പെടുത്തുക. 1980ല്‍ സ്ഥാപിച്ച പഴയ ചന്തയില്‍ 44 സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. മത്സ്യ മുറിക്കാനുള്ള സൗകര്യം ഇവിടെ പരിമിതമായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.