സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍  പ്രചരിപ്പിക്കുന്നതിനെതിരെ ദുബൈ പൊലീസ് മുന്നറിയിപ്പ്

ദുബൈ: വാട്ട്സ്ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും സമൂഹത്തില്‍ ഭീതി വളര്‍ത്തുകയും ചെയ്യുന്ന നടപടികളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം. ദുബൈയില്‍ വാഹന മോഷണവും സ്ത്രീകളുടെ കാറുകള്‍ തടഞ്ഞ് ആക്രമണവും നടത്തുന്നതായി വ്യാപക പ്രചാരണം വാട്ട്സ്ആപ്പ് വഴി നടന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസിന്‍െറ മുന്നറിയിപ്പ് എന്ന പേരില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചാരണവും നടന്നിരുന്നു. അല്‍ വര്‍ഖ, അല്‍ ഖവാനീജ്, അല്‍ അവീര്‍, ഇന്‍റര്‍നാഷനല്‍ സിറ്റി എന്നിവിടങ്ങളിലാണ് അക്രമി സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നതെന്നാണ് പ്രവാസി സമൂഹങ്ങളില്‍ അടക്കം സന്ദേശം പ്രചരിച്ചത്. 
കാറിന്‍െറ ചില്ലുകളിലേക്ക് മുട്ടകള്‍ എറിയുകയും വൃത്തിയാക്കുന്നതിന് ഇറങ്ങുമ്പോള്‍ കൊള്ള നടത്തുകയും ചെയ്യുന്നതായും പ്രചരിച്ചിരുന്നു. ഇത്തരം ഊഹാപോഹങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് ദുബൈ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. എമിറേറ്റിലെ ഏറ്റവും പ്രധാന താമസ കേന്ദ്രങ്ങളായ ഈ ഭാഗങ്ങളില്‍ അക്രമി സംഘങ്ങളൊന്നുമില്ളെന്നും വ്യക്തമാക്കി. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളുടെ ഗണത്തില്‍ പെടുന്ന ഇത്തരം കുറ്റങ്ങള്‍ ചെയ്താല്‍ ജീവപര്യന്തം വരെ തടവും മൂന്ന് ദശലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.