15 മുതല്‍ ദുബൈ വിസക്ക് അസ്സല്‍ രേഖകള്‍ നിര്‍ബന്ധം

ദുബൈ: ദുബൈയില്‍ വിസക്ക് നവംബര്‍ 15 മുതല്‍ പുതിയ സമ്പ്രദായം പൂര്‍ണമായും നിലവില്‍ വരുന്നു. 15 മുതല്‍ വിസ അപേക്ഷക്കൊപ്പം രേഖകളുടെ പകര്‍പ്പുകള്‍ സ്വീകരിക്കില്ലെന്ന് താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വിസ അപേക്ഷയുടെ എല്ലാ നടപടിക്രമങ്ങളും 'വിഷന്‍' എന്ന പുതിയ സംവിധാനത്തിലൂടെ കടന്നുപോകണം. വിസക്കായി അസ്സല്‍ രേഖകളും സ്പോണ്‍സര്‍മാര്‍ ഐബാന്‍ (അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ട് നമ്പര്‍) നമ്പറും ടൈപ്പിങ് സെന്‍ററില്‍ സമര്‍പ്പിക്കണം. ടൈപ്പിങ് സെന്‍ററില്‍ നിന്നാണ് രേഖകള്‍ സ്കാന്‍ ചെയ്യുക. ഡെപ്പോസിറ്റ്, ഗ്യാരന്‍റി, ഫയല്‍ ഓപ്പണിങ് ഫീ തുടങ്ങി വിസക്കുള്ള എല്ലാ നിരക്കുകളും അപേക്ഷയുടെ സമയത്ത് ടൈപ്പിങ് സെന്‍ററുകള്‍ വഴി ഒടുക്കണം. ഈ സംവിധാനങ്ങള്‍ ഒക്ടോബര്‍ പകുതിയോടെ നിലവില്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ ഈ മാസം 15 മുതലാണ് കര്‍ശനമായി നടപ്പാക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

പുതിയ സംവിധാനത്തിലൂടെ വിസ അപേക്ഷകളും മറ്റും കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമക്കലാണ് ലക്ഷ്യമിടുന്നത്. കടലാസിന്‍െറ ഉപയോഗവും താമസ കുടിയേറ്റ ഓഫിസില്‍ ഉപഭോക്താക്കള്‍ കാത്തിരിക്കേണ്ട സമയവും കുറയും. ഓണ്‍ലൈന്‍ വിസ അപേക്ഷ അംഗീകരിച്ച ശേഷം മാത്രം ഉപഭോക്താക്കള്‍ ഓഫിസില്‍ നേരിട്ട് എത്തിയാല്‍ മതിയാകും. നവംബര്‍ 15 മുതല്‍ ദുബൈ എമിറേറ്റില്‍ പുതിയ സംവിധാനമാണ് വിസക്ക് നിലവിലുണ്ടാകുക.
വിസ അപേക്ഷ നടപടിക്രമങ്ങളില്‍ നിന്ന് ആരെയും ഒഴിവാക്കില്ലെന്നും എല്ലാവര്‍ക്കും ഒരുപോലെയുള്ള സംവിധാനങ്ങളാണ് കൊണ്ടുവരുന്നതെന്നും  അധികൃതര്‍ പറഞ്ഞു. ദുബൈയിലെ താമസക്കാര്‍, പ്രവാസികള്‍, സ്വദേശികള്‍, ജി.സി.സി പൗരന്‍മാര്‍ തുടങ്ങി എല്ലാവര്‍ക്കും പുതിയ നടപടിക്രമങ്ങള്‍ ബാധകമായിരിക്കും.

വിസ അപേക്ഷയോടൊപ്പം വേണ്ട രേഖകള്‍

  • സ്പോണ്‍സറുടെ അസ്സല്‍ പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐ.ഡിയും
  • കുടുംബ വിസകള്‍ക്ക് ആരാണ് സ്പോണ്‍സര്‍ ചെയ്യുന്നത് അവരുടെ അസ്സല്‍ പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐ.ഡിയും
  • വെളുത്ത പശ്ചാത്തലത്തില്‍ സ്പോണ്‍സറുടെ കളര്‍ ഫോട്ടോകള്‍
  • തൊഴില്‍ കരാര്‍, ലേബര്‍ കാര്‍ഡ്
  • സ്വകാര്യ മേഖല, സര്‍ക്കാര്‍, ഫ്രീസോണ്‍ എന്നിവിടങ്ങളിലെ ജോലിക്കാര്‍ ശമ്പളം സംബന്ധിച്ച കത്ത്
  • സ്പോണ്‍സര്‍ വ്യാപാര പങ്കാളിയോ നിക്ഷേപകനോ ആണെങ്കില്‍ ട്രേഡ് ലൈസന്‍സ്
  • വാടക കരാറിന്‍െറ അസ്സല്‍
  • സാക്ഷ്യപ്പെടുത്തിയ ജനന, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍
  • സ്പോണ്‍സറുടെ ഐബാന്‍ നമ്പര്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.