ദുബൈ: പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന്‍െറ പേരില്‍ മലയാളി യുവതിയെ കൊലപ്പെടുത്തി വിജനസ്ഥലത്ത് ഉപേക്ഷിച്ച കേസില്‍ ഇന്ത്യക്കാരനായ ഭര്‍ത്താവിനും പാകിസ്താന്‍ സ്വദേശിയായ സുഹൃത്തിനുമുള്ള വധശിക്ഷ ദുബൈ ഉന്നത കോടതിയായ കസഷന്‍ കോടതി ശരിവെച്ചു. ഇരിങ്ങാലക്കുട സ്വദേശിനി നിമ്മിയെന്ന ബുഷറയെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം അല്‍ ഫുഖാ പ്രദേശത്ത് തള്ളിയ കേസിലാണ് ഭര്‍ത്താവ് അതീഫ് കമറുദ്ദീനും സുഹൃത്തിനും അഞ്ചംഗ ബെഞ്ച് വധശിക്ഷ വിധിച്ചത്. ഇരുവരെയും വെടിവെച്ചു കൊല്ലുന്നതിനാണ് ഡിസംബര്‍ 21ന് ദുബൈ എമിറേറ്റിലെ പരമോന്നത കോടതി ഉത്തരവിട്ടത്. യു.എ.ഇ നിയമപ്രകാരം പ്രതികള്‍ക്ക് മാപ്പ് നല്‍കുന്നതിനും നഷ്ടപരിഹാരം സ്വീകരിക്കുന്നതിനും കൊല്ലപ്പെട്ട യുവതിയുടെ കുടുംബം തയാറാകാതിരിക്കുകയും പരമാവധി ശിക്ഷ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജഡ്ജി അബ്ദുല്‍ അസീസ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള കസഷന്‍ കോടതി വധശിക്ഷ നല്‍കുന്നതിനുള്ള കീഴ്കോടതി വിധികള്‍ ശരിവെച്ചത്.
2013 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. മറ്റൊരു രാജ്യക്കാരിയുമായി അതീഫിനുള്ള ബന്ധം ബുഷറ സ്ഥിരമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയത്. ഇന്ത്യന്‍ നിയമപ്രകാരം വിവാഹ മോചനത്തിന് നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാന്‍ ബുഷറയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. അതീഫ് തന്‍െറ ഫ്ലാറ്റില്‍ വെച്ച് ബുഷറയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ബോധരഹിതയായ യുവതിയുടെ ജീവന്‍ നഷ്ടമായിട്ടില്ലെന്ന് മനസിലാക്കിയ പാകിസ്താന്‍ സ്വദേശി ശ്വാസം മുട്ടിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം 24കാരിയായ ബുഷറയുടെ മൃതദേഹം അല്‍ ഫുഖ പ്രദേശത്ത് മാലിന്യം തള്ളുന്ന കവറിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
അടുത്ത ദിവസം രാവിലെ എട്ടോടെ ബംഗ്ലാദേശ് സ്വദേശിയായ മാലിന്യ നിര്‍മാര്‍ജന തൊഴിലാളി മൃതദേഹം കണ്ടെത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കൊല നടത്തിയ ശേഷം ദുബൈ വിട്ട അതീഫിനെ ഇന്‍റര്‍പോളിന്‍െറ സഹായത്തോടെ ദുബൈ പൊലീസ് പിടികൂടിയത്. 2013 ഒക്ടോബറിലാണ് ദുബൈയിലെ പ്രാഥമിക കോടതിയില്‍ കേസ് വിചാരണക്കെത്തിയത്. ആദ്യ കോടതിയില്‍ വധശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ അപ്പീല്‍ നല്‍കി. ദുബൈ അപ്പീല്‍സ് കോടതിയും 2015 ഒക്ടോബറില്‍ വധശിക്ഷ ശരിവെച്ചു. ഇതേതുടര്‍ന്ന് പ്രതികള്‍ പരമോന്നത കോടതിയായ കസഷന്‍ കോടതിയില്‍ അപ്പീലുമായി എത്തിയത്. മൂന്ന് തവണയായി നടന്ന വിചാരണക്ക് ശേഷമാണ് അഞ്ചംഗങ്ങള്‍ അടങ്ങിയ ബെഞ്ച് ഐക്യകണ്ഠേന വധശിക്ഷ ശരിവെക്കുകയും വെടിവെച്ചു കൊല്ലാന്‍ ഉത്തരവിടുകയും ചെയ്തത്.
അതീഫ് കമറുദ്ദീന്‍െറ പിതാവ് ദുബൈ പൊലീസിന് നല്‍കിയ മൊഴിയടക്കം ഇരുവര്‍ക്കും വധശിക്ഷ ലഭിക്കാന്‍ കാരണമായി. മരുമകള്‍ തന്നോട് ഫോണിലൂടെ അതീഫിനെ കുറിച്ച് നിരന്തരം പരാതി പറയുമായിരുന്നുവെന്ന് പിതാവ് വ്യക്തമാക്കിയിരുന്നു. മദ്യപിക്കുകയും മര്‍ദിക്കുകയും ചെയ്യുമെന്നും പറഞ്ഞിരുന്നു. ഫിലിപ്പൈന്‍സ് സ്വദേശിനിയുമായുള്ള ബന്ധത്തെ കുറിച്ചും പറഞ്ഞിരുന്നു. ഫിലിപ്പൈന്‍സ് സ്വദേശിനിയുമായുള്ള ബന്ധമാണ് ഇരുവരും തമ്മിലെ വഴക്കുകള്‍ക്ക് പ്രധാന കാരണമെന്നും അതീഫിന്‍െറ പിതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെച്ച് കണ്ടുമുട്ടിയ അതീഫും നിമ്മിയെന്ന ബുഷറയും പ്രണയിച്ച് വിവാഹിതരാകുകയായിരുന്നു. 2009ല്‍ ഇവര്‍ക്ക് കുട്ടിയും പിറന്നു. 2011 അവസാനത്തിലാണ് ദുബൈയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്‍െറ അടുത്തേക്ക് ബുഷറ എത്തിയത്. എന്നാല്‍, അതീഫിന്‍െറ വഴിവിട്ട ജീവിതം കുടുംബ ബന്ധത്തില്‍ അസ്വസ്ഥതയുണ്ടാക്കുകയായിരുന്നു. ദുബൈയിലെത്തി 15 മാസം പിന്നിട്ടപ്പോഴാണ് കൊലപാതകം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.