കേരളത്തിലെ സ്കൂളുകളില്‍ നിന്ന് പ്ളാസ്റ്റിക് ശേഖരിക്കാന്‍ പദ്ധതിയുമായി കേരള ചേംബര്‍ ഓഫ് കൊമേഴ്സ്

അബൂദബി: കേരളം നേരിടുന്ന മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് പുതിയ പദ്ധതിയുമായി കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി. ദൈവത്തിന്‍െറ സ്വന്തം നാടിനെ പ്ളാസ്റ്റിക് മാലിന്യ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ വഴി പ്ളാസ്റ്റിക് ശേഖരിച്ച് പുനരുപയോഗത്തിനായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്  പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കേരളത്തിലെ മുഴുവന്‍ സ്കൂളുകള്‍ വഴി പ്ളാസ്റ്റിക് മാലിന്യങ്ങള്‍ വാങ്ങുകയാണ് ലക്ഷ്യമിടുന്നതെന്ന് യു.എ.ഇയില്‍ സന്ദര്‍ശനത്തിനത്തെിയ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി സതേണ്‍ റീജിയന്‍ വൈസ് പ്രസിഡന്‍റ് മുഹമ്മദ് റഫീഫ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
‘പ്ളാസ്റ്റിക് ടു മണി’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍െറ പരീക്ഷണ ഘട്ടത്തിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചിട്ടുണ്ട്. അഞ്ച് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ മുഖേന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ സമാഹരിക്കുന്ന പദ്ധതിക്കാണ് കഴിഞ്ഞ ദിവസം തുടക്കമായത്. ഒരു കിലോ പ്ളാസ്റ്റിക് മാലിന്യത്തിന് കുട്ടികള്‍ക്ക് പത്ത് രൂപ നല്‍കും. ഏഴ് മുതല്‍ 12 വരെ ക്ളാസുകളിലെ കുട്ടികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ഒത്തുചേര്‍ന്നുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. വീട്ടിലും പരിസരങ്ങളിലുമുള്ള പാലിന്‍െറ കവര്‍, ക്യാരി ബാഗുകള്‍, പ്ളാസ്റ്റിക് കവറുകള്‍, കുപ്പികള്‍, ഉപയോഗ ശൂന്യമായ പ്ളാസ്റ്റിക് കഷണങ്ങള്‍ തുടങ്ങിയവ കഴുകി ഉണക്കി ചേംബര്‍ നല്‍കുന്ന തുണി സഞ്ചിയില്‍ ശേഖരിച്ചുവെക്കുകയാണ് ചെയ്യേണ്ടത്. ചേംബറിന്‍െറ ഏജന്‍റ് എത്തി സ്കൂളില്‍ നിന്ന് മാലിന്യം ശേഖരിച്ചുകൊണ്ടുപോകും. തിരുവനന്തപുരത്തെ അഞ്ച് സ്കൂളുകളില്‍ നടപ്പാക്കിയ പദ്ധതി വൈകാതെ കേരളത്തിലെ മുഴുവന്‍ സ്കൂളിലേക്കും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഹമ്മദ് റഫീഫ് പറഞ്ഞു. ഒരു ലക്ഷം കിലോ പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള തുക കേരള ചേംബര്‍ ഇപ്പോള്‍ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് യാര്‍ഡും തയാറാക്കിയിട്ടുണ്ട്. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ പുനരുല്‍പാദനത്തിനായി ബംഗളൂരുവിലെ സ്ഥാപനത്തിനാണ് കൈമാറുക. ഇവര്‍ കിലോക്ക് രണ്ടര രൂപ വീതമാണ് നല്‍കുന്നത്. അതേസമയം, ഇപ്പോള്‍ സ്കൂളുകള്‍ വഴി ശേഖരിക്കുന്ന കുട്ടികള്‍ക്ക് പത്ത് രൂപ വീതം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ വഴി മാലിന്യ ശേഖരണ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കേരളത്തിലെ മലിനീകരണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ചേംബര്‍ പദ്ധതി നടപ്പാക്കുന്നതെന്നും മുഹമ്മദ് റഫീഫ് പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.