ദുബൈ: സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നഗരത്തിൽ 200 ഇ.വി. ചാർജറുകൾ സ്ഥാപിക്കാൻ പെയ്ഡ് പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിനും ഇത്തിസലാത്തിന്‍റെ അനുബന്ധ സ്ഥാപനമായ ‘ചാർജ് ആൻഡ് ഗോ’യും തമ്മിൽ ധാരണയായി. മുപ്പത് മിനിറ്റിനകം വാഹനങ്ങൾ ചാർജ് ചെയ്യാവുന്ന അതിവേഗ ചാർജറുകളാണ് സ്ഥാപിക്കുക. മറ്റു ചാർജറുകളേക്കാൾ വിവിധ താമസമേഖലകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലുമാണ് ഇവ സ്ഥാപിക്കുകയെന്ന് അധികൃതർ പറഞ്ഞു. ഇ.വി വാഹന ഉടമകൾക്ക് കൂടുതൽ സൗകര്യം വാഗ്ദാനം ചെയ്യുന്ന പദ്ധതി ദുബൈയുടെ വിശാലമായ അർബൻ മാസ്റ്റർ പ്ലാൻ 2040നെയും ഹരിത ഗതാഗത ലക്ഷ്യങ്ങളേയും പിന്തുണക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
10 വർഷത്തേക്കാണ് കരാർ. കരാർ അനുസരിച്ച് ഒക്ടോബർ മുതൽ പ്രധാന ഇടങ്ങളിൽ ഫാസ്റ്റ് ചാർജിങ് പോയിന്‍റുകൾ സ്ഥാപിച്ചു തുടങ്ങും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ബിസിനസ് മേഖലകളിൽ 20 ചാർജിങ് സ്റ്റേഷനുകളായിരിക്കും സ്ഥാപിക്കുക. അടുത്ത വർഷങ്ങളിൽ പൊതു, സ്വകാര്യ ചാർജിങ് പോയിന്‍റുകളുടെ എണ്ണം 200 ആയി ഉയർത്തും. ‘പാർക്ക് ആൻഡ് ചാർജ്’ ചട്ടപ്രകാരമായിരിക്കും എല്ലാ ചാർജിങ് സ്റ്റേഷനുകളും പ്രവർത്തിക്കുക. ചാർജിങ് പോയിന്‍റുകളുടെ ദുരുപയോഗം കുറക്കാനും ന്യായമായ ചാർജിങ് സംവിധാനം എല്ലാവർക്കും ഉറപ്പുവരുത്താനുമാണ് ഈ രീതി അവലംബിക്കുന്നത്.
പാർക്കിനിന്‍റെ മൊബൈൽ ആപ്പുമായി എല്ലാ ചാർജിങ് സ്റ്റേഷനുകളും സംയോജിപ്പിക്കും. ഇതുവഴി ചാർജിങ് സ്പോട്ടുകൾ ബുക്ക് ചെയ്യാനും യഥാസമയം അപ്ഡേറ്റ്സിനും പേയ്മെന്റ് അടക്കാനും കഴിയും. ദുബൈയിൽ അധിവേഗം വളരുന്ന ഇ.വി വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന രീതിയിലാണ് പുതിയ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. നഗരത്തിൽ 40,000ത്തിൽ അധികമാണ് നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.