റാസൽഖൈമയിൽ 170 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു; ലൈസൻസില്ലാതെ ഓടിച്ച വാഹനങ്ങളാണ് പിടികൂടിയത്

റാസൽഖൈമ: ഗതാഗത ബോധവൽക്കരണ കാമ്പയിനിന്‍റെ ഭാഗമായി റാക് പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് നടത്തിയ പരിശോധനയിൽ 170 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു. വാഹനങ്ങൾക്കും ഡ്രൈവർമാർക്കും ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മോട്ടോർ സൈക്കിൾ ഉപയോക്താക്കൾക്ക് സുരക്ഷാ നടപടികളെക്കുറിച്ച് മാർമനിർദേശവും ബോധവൽക്കരണവും നൽകുകയും റോഡ് ഉപയോക്താക്കളുടെ ജീവന് ഭീഷണിയാകുന്ന നിയമലംഘകരെ പിടികൂടുകയും ചെയ്യുന്നതിനായാണ് പ്രചാരണ ക്യാമ്പയിൻ നടത്തിയതെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ ലെഫ്റ്റനന്‍റ് കേണൽ അബ്ദുല്ല അബ്ദുൽ റഹ്മാൻ അൽ സാമാൻ അൽ നുഐമി പറഞ്ഞു. എമിറേറ്റിലുടനീളം നിയമലംഘനം നടത്തുന്ന മോട്ടോർ സൈക്കിളുകൾ പിടികൂടുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി പ്രധാന റോഡുകളിലും റെസിഡൻഷ്യൽ ഏരിയകളിലും പരിശോധനയ്ക്കായി പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നതായി കേണൽ അബ്ദുല്ല വ്യക്തമാക്കി.

ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുകയും സ്വന്തം ജീവനും മറ്റുള്ളവരുടെയും ജീവനും അപകടത്തിലാക്കുകയും ചെയ്യുന്ന നിയമലംഘകരെ പിടികൂടുക എന്നതാണ് മോട്ടോർ സൈക്കിൾ കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ലൈസൻസ് ഇല്ലാത്ത മോട്ടോർ -ഇലക്ട്രിക് ബൈക്കുകൾ ഓടിക്കുന്നത് നിയമലംഘനമാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു. ലൈസൻസില്ലാതെ ഓടിക്കുന്ന വാഹനം 15 ദിവസത്തേക്ക് പിടിച്ചെടുക്കുകയും 2000 ദിർഹം പിഴ ചുമത്തുകയും ചെയ്യും. പിടിച്ചെടുത്ത ബൈക്കുകളുടെ ഡ്രൈവർമാർക്ക് ഡ്രൈവിങ് ലൈസൻസ് ഇല്ലെന്നും ഗതാഗത നിയമങ്ങളെക്കുറിച്ച് അജ്ഞരാണെന്നും ബൈക്കുകളുടെ സവിശേഷതകൾ ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമല്ലെന്നും റാക് പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - 170 motorcycles seized in Ras Al Khaimah; vehicles driven without licenses seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.