ഷാർജ: ഷാർജയിലെ അൽ കമാൽ അമേരിക്കൻ ഇന്‍റർനാഷനൽ സ്കൂളിൽനിന്ന് 13 ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ പരാതിയുമായി രക്ഷിതാക്കൾ. ഷാർജയിലെ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിക്കാണ് പരാതി നൽകിയത്. സ്‌കൂൾ മാനേജ്‌മെന്‍റിന്‍റെ പുതിയ മാറ്റത്തിന്‍റെ ഭാഗമായാണ് 12 അഡ്മിനിസ്‌ട്രേറ്റിവ് സ്റ്റാഫിനും ഒരു അധ്യാപകനും പിരിച്ചുവിടൽ കത്തുകൾ നൽകിയത്. ഇതിനെതിരെയാണ് കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തെത്തിയത്.
ഒരു മുന്നറിയിപ്പുമില്ലാതെയാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ കത്തുകൾ നൽകിയത്. ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) കേസ് അന്വേഷിച്ചുവരുകയാണ്. പിരിച്ചുവിടപ്പെട്ടവർ സ്കൂളിന്‍റെ നട്ടെല്ലാണെന്നും അവർ കാരണമാണ് കുട്ടികൾ സ്കൂളിനെ ഇഷ്ടപ്പെടുന്നതെന്നും അവരെ തിരിച്ചെടുക്കാനായി സ്‌കൂൾ ഉടമകളായ ബിൻ കാമിൽ ഗ്രൂപ്പിനെ സമീപിച്ചതായും തങ്ങളുടെ ആശങ്കകൾ അറിയിച്ചതായും രക്ഷിതാക്കൾ പറഞ്ഞു.
20ഓളം രക്ഷിതാക്കളാണ് സ്കൂളിന്‍റെ ഈ നടപടിക്കെതിരെ പരാതി നൽകിയത്. ജൂലൈ ഏഴിന് പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ടാണ് സ്കൂൾ അധികൃതർ നോട്ടീസ് നൽകിയത്. ഇതിനുള്ളിൽ തന്നെ ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് രക്ഷിതാക്കളുടെ പരാതി. അനുകൂലമായ നിലപാട് സ്കൂൾ അധികൃതരിൽനിന്ന് പ്രതീക്ഷിക്കുന്നതായും രക്ഷിതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.